'മാനേജ്മെന്റിനും കെഎസ്ഇബിക്കുമെതിരെ കൊലക്കുറ്റം ചുമത്തണം, ത്രീഫേസ് ലൈനിന്റെ കീഴെ ഷെഡ് പണിതത് തന്നെ സ്കൂളിന്‍റെ അനാസ്ഥയാണ്'; വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാർ
വർഷങ്ങളായി കെഎസ്ഇബി ലൈൻ ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു
കൊല്ലം: കൊല്ലത്ത് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് 13 കാരൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂളിനെതിരെയും കെഎസ്ഇബിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി നാട്ടുകാര്‍. വർഷങ്ങളായി കെഎസ്ഇബി ലൈൻ ഇതിലൂടെ കടന്നുപോകുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോഴാണ് ത്രീഫേസാക്കിയത്. അപകടം നടന്നപ്പോഴാണ് ഇതിനെക്കുറിച്ച് ആരെങ്കിലും ശ്രദ്ധിക്കുന്നതെന്ന് നാട്ടുകാര്‍ മീഡിയവണിനോട് പറയുന്നു. കെഎസ്ഇബി ലൈനിനിന് കീഴെ ഷീറ്റിട്ടത് തന്നെ തികഞ്ഞ അനാസ്ഥയാണ്. അടുത്തിടെയാണ് ഷീറ്റുകൊണ്ട് സ്കൂള്‍ ഷെഡ് നിര്‍മിച്ചത്. കെഎസ്ഇബിക്കും സ്കൂളിനും വീഴ്ച പറ്റിയിട്ടുണ്ടെന്നും കൊലക്കുറ്റം ചുമത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് സ്‌കൂളിൽ വെച്ച് കളിക്കുന്നതിനിടെയാണ് എട്ടാക്ലാസുകാരനായ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിക്കുന്നത്. കളിക്കുന്നതിനിടെയാണ് കൂട്ടുകാരൻറെ ചെരിപ്പ് അബദ്ധത്തിൽ സൈക്കിൾ ഷെഡിന് മുകളിലേക്ക് വീണതെന്നാണ് പറയപ്പെടുന്നത്. ഇത് എടുക്കുന്നതിനിടെയാണ് മിഥുന് ഷോക്കേറ്റത്.
കമ്പ് കൊണ്ട് ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ ഷെഡിന്‍റെ മുകളിലേക്ക് ചാഞ്ഞിരുന്ന കെഎസ്ഇബി ലൈനില്‍ തട്ടി മിഥുനിന് ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി മീഡിയവണിനോട് പറഞ്ഞു.'ഷോക്കേറ്റ ഉടനെ കുട്ടി താഴെ വീണു, കൂട്ടുകാർ വിളിച്ചിട്ടും അവന് എണീക്കാൻ കഴിഞ്ഞില്ല.അധ്യാപകര്‍ ബെഞ്ച് ഇട്ടാണ് ഷോക്കേറ്റ് കിടന്ന മിഥുനെ പുറത്തെടുത്തത്.ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിച്ചു'- ലാലി പറഞ്ഞു.
സംഭവത്തില്‍ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.കൊല്ലത്ത് കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷണൻകുട്ടി പറഞ്ഞു.കെഎസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനീയറെയും ചീഫ് ഇലക്ട്രിക് ഇൻസ്പെക്ടർക്കും അന്വേഷിക്കാൻ ഉത്തരവ് നൽകിയെന്നും മന്ത്രി അറിയിച്ചു.
മിഥുൻ മരിച്ചതിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മാനേജ്‌മെന്റും പ്രതിയാണെന്ന് ആർഎസ്പി നേതാവ് ഉല്ലാസ് മീഡിയവണിനോട് പറഞ്ഞു.