'മല്ലിപ്പൊടിയും ഉപ്പുമൊഴികെ അടുക്കളയിലെ സകല സാധനവും 10,000 രൂപയും എടുത്തുകൊണ്ടുപോയി'; ശബരിമല വനമേഖലയിൽ അജ്ഞാത സംഘത്തിന്റെ സാന്നിധ്യമെന്ന് നാട്ടുകാർ
ആയുധധാരികളായ സംഘമാണെന്നാണ് നാട്ടുകാരുടെ സംശയം
പത്തനംതിട്ട: ശബരിമല വനമേഖലയിൽ അജ്ഞാത സംഘത്തിന്റെ സാന്നിധ്യമെന്ന് നാട്ടുകാർ. ആയുധധാരികളായ സംഘമാണെന്നാണ് നാട്ടുകാരുടെ സംശയം. ഗൂഡ്രിക്കൽ , വടശ്ശേരിക്കര മേഖലകളിലാണ് മോഷണം.
വനാതിർത്തികളിലെ വീടുകളിൽ നിന്ന് പകല്‍സമയങ്ങളില്‍ ഭക്ഷണസാധനങ്ങൾ മോഷണം പോകുന്നത് പതിവാണ്. കൊച്ചു കോയിക്കൽ , ഗുരുനാഥൻ മണ്ണ് , ആങ്ങാമുഴി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളിൽ കടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
ഗുരുനാഥൻ മണ്ണ് സ്വദേശി ബാബുരാജിന്റെ വീട്ടിൽ ഒരാഴ്ച മുൻപാണ് മോഷണം നടന്നത്. അടുക്കളയുടെ ജനല്‍വെട്ടിപ്പൊളിച്ച് ഉപ്പും മല്ലി പൊടിയും ഒഴികെയുള്ള സകല സാധനവും എടുത്തുകൊണ്ടുപോയതായി അദ്ദേഹം പറയുന്നു. വീട്ടിലുണ്ടായിരുന്ന 10,000 രൂപയും വെട്ടുകത്തിയും സംഘം മോഷ്ടിച്ചെന്നും ഇവര്‍ പറയുന്നു.
നേരത്തെ വന്യമൃഗങ്ങളുടെ ശല്യമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ പട്ടാപ്പകലാണ് വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.മോഷണം സംബന്ധിച്ച് പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് സീതത്തോട് പഞ്ചായത്തംഗം പറയുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ വനമേഖലയിലെ അഞ്ചിലധികം കാട്ടുപോത്തിനെയും ആനയെയും വേട്ടയാടിയിട്ടുണ്ടെന്നും വന്യമൃഗസംരക്ഷണവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രികാലങ്ങള്‍ നാട്ടുകാര്‍ സംഘടിച്ച് വനാതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തമിഴ്നാട്ടിൽ നിന്ന് അച്ചൻകോവിൽ വഴി വനമേഖലയിലേക്ക് കടന്നു കയറിയ വന്യമൃഗ വേട്ടക്കാരാണിവരെന്ന് വനം വകുപ്പിന് സംശയമുണ്ട്. വനംവകുപ്പും പൊലീസും ചേര്‍ന്ന് കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.