ഇടത് നാട്യക്കാരും യുദ്ധാസക്തിയിൽ വീണു; കമ്യൂണിസ്റ്റുകാരനായാൽ യുദ്ധത്തെ എതിർക്കാനേ കഴിയൂ: എം. സ്വരാജ്

''യുദ്ധം വേണ്ടിവരില്ലേ? സോവിയറ്റ് യൂണിയൻ യുദ്ധം ചെയ്തില്ലേ? എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടൻ 'ഹായ് .. യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടർ മറന്നതായി തോന്നുന്നു''

Update: 2025-05-08 12:00 GMT

തിരുവനന്തപുരം: യുദ്ധത്തെ എതിർത്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിർക്കാതെ വയ്യ.

കുറിപ്പിൽ രാജ്യത്തെ സ്ഥിതിഗതികൾ പരാമർശിക്കുന്നയിടത്ത് ഭീകരതക്കെതിരായ നിലപാട് വ്യക്തവും കൃത്യവുമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പോസ്റ്റിൽ പാകിസ്താനെതിരായ വിമർശനങ്ങൾ ഉള്ളതുകൊണ്ട് സംഘ്പരിവാർ തന്നെ പിന്തുണക്കുമോ എന്നത് മാത്രമായിരുന്നു തന്റെ ഭയമെന്നും സ്വരാജ് പറഞ്ഞു.

Advertising
Advertising

നവമാധ്യമങ്ങളിൽ ഇടതുപക്ഷക്കാർ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലർ പെട്ടന്ന് സന്ദേഹികളായി മാറി. യുദ്ധം വേണ്ടിവരില്ലേ? സോവിയറ്റ് യൂണിയൻ യുദ്ധം ചെയ്തില്ലേ?എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. നാസിപ്പടയെ തോൽപിച്ചത് യുദ്ധം ചെയ്തിട്ടല്ലേ എന്നൊക്കെയാണ് ഇവർ ചോദിക്കുന്നത്. രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടൻ 'ഹായ് .. യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടർ മറന്നതായി തോന്നുന്നു. യുദ്ധം ഒഴിവാക്കാൻ നടത്തിയ സോവിയറ്റ് പരിശ്രമവും, അനാക്രമണ സന്ധിയും ഒന്നും ഇക്കൂട്ടർക്ക് ഓർമയില്ല. ഒടുവിൽ ആക്രമിക്കപ്പെട്ടപ്പോൾ, യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയൻ യുദ്ധത്തിനിറങ്ങിയത്.

ഹിറ്റ്‌ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുൻകയ്യെടുത്തത്. ലാകസമാധാന കൗൺസിൽ ( ഡബ്ല്യുപിസി ) നിലവിൽ വന്നത് അങ്ങനെയാണ്. ലോകസമാധാന കൗൺസിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എഐപിഎസ്ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെങ്കിലും ഇക്കൂട്ടർ ഓർക്കണം. ഇതിനിടയിൽ മുമ്പ് പലസ്തീനെ പിന്തുണച്ചതിനെതിരായ ചില അപശബ്ദങ്ങളും കേട്ടു. അവിടെ ചരിത്രത്തിലുടനീളം ഇസ്രായേലാണ് യുദ്ധഭീകരത സൃഷ്ടിച്ചത്. സർവവും അപഹരിക്കപ്പെട്ട മുക്കാൽപങ്ക് മനുഷ്യരും കൊല്ലപ്പെട്ട ഒരു ജനതയെന്ന നിലയിൽ ഫലസ്തീനികൾക്ക് പൊരുതുകയല്ലാതെ വഴിയില്ല. അതിനാൽ യുദ്ധവിരുദ്ധ നിലപാടു തന്നെയാണ് പലസ്തീനികൾക്കുള്ള ഉപാധിരഹിത പിന്തുണയെന്നും സ്വരാജ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

യുദ്ധാസക്തരുടെ വിലാപങ്ങൾ അപ്രതീക്ഷിതമല്ല...

നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് ഇന്നലെ ഒരു യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിർക്കാതെ വയ്യ. കുറിപ്പിൽ രാജ്യത്തെ സ്ഥിതിഗതികൾ പരാമർശിക്കുന്നയിടത്ത് ഭീകരതയ്ക്കെതിരായ നിലപാട് വ്യക്തവും കൃത്യവുമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോൾ ചെറിയ ഒരാശങ്ക തോന്നിയിരുന്നു. മറ്റൊന്നുകൊണ്ടുമല്ല. " നിരപരാധികളെ കൊന്നു തള്ളുന്ന ഭീരുക്കളാണ് ഭീകരർ ", "ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ് ."" അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താൻ. "" പഹൽഗാം ഭീകരാക്രമണത്തിന് ഏറ്റ തിരിച്ചടിയിൽ നിന്നും പാകിസ്ഥാൻ പാഠം ഉൾക്കൊള്ളണം ."" ഇവിടം കൊണ്ട് ഇത് അവസാനിക്കണം "എന്നിങ്ങനെ ആ കുറിപ്പിൽ നേരിട്ടുള്ള വിമർശനങ്ങൾ ഭീകരർക്കും പാകിസ്താനുമെതിരെ ഉണ്ടായിരുന്നു. ഒപ്പം ഷെല്ലാക്രമണം ആരംഭിച്ച പാകിസ്ഥാൻ സൈന്യം ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വിമർശിച്ചിരുന്നു. തുടർന്ന് യുദ്ധത്തിൻ്റെ ഭീകരതയും ദുരന്തവും വിശദീകരിക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിനെതിരായി നേരിയ ഒരു വിമർശനം പോലും കുറിപ്പിൽ ഉണ്ടായിരുന്നതുമില്ല. ഇക്കാരണങ്ങളാൽ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിനെ സംഘപരിവാർ പിന്തുണയ്ക്കുമോ എന്നതായിരുന്നു എൻ്റെ ഭയവും ആശങ്കയും. ഇന്നേവരെ എൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെയും സംഘപരിവാർ പിന്തുണച്ചിട്ടില്ല. ആദ്യമായി അങ്ങനെ ഒന്നുണ്ടായാൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്തുകാര്യം ?

പിന്നെയൊരു രണ്ടാം ആലോചനയിൽ അങ്ങനെയൊരു ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നുതന്നെ തീർച്ചപ്പെടുത്തി. പോസ്റ്റ് കാണുന്ന മാത്രയിൽതന്നെ തെറിയഭിഷേകവും അധിക്ഷേപങ്ങളുമായി ചാടി വീഴുന്ന സ്ഥിരം ശൈലിക്കാരാണല്ലോ അവർ. എഴുതിയ കാര്യങ്ങൾ വായിച്ചുനോക്കാനൊന്നും അവർ തയാറാവില്ലെന്നും വായിച്ചാലും അവർക്കിത് മനസ്സിലാവില്ലെന്നും പതിവ് തെറിയഭിഷേകം ആവർത്തിക്കാനാണ് സാധ്യതയെന്നും മനസിലുറപ്പിച്ചു.

കുറിപ്പ് പോസ്റ്റ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കണക്കുകൂട്ടൽ അണുവിട പോലും തെറ്റിയിട്ടില്ല എന്ന് തെളിഞ്ഞു. അതിൻ്റെ ആഹ്ലാദം പറഞ്ഞറിയിക്കുക വയ്യ. എന്നാൽ കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു എന്നതാണ് കൗതുകകരം. നവമാധ്യമങ്ങളിൽ ഇടതുപക്ഷക്കാർ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലർ പെട്ടന്ന് സന്ദേഹികളായി മാറി. യുദ്ധം വേണ്ടിവരില്ലേ? സോവിയറ്റ് യൂണിയൻ യുദ്ധം ചെയ്തില്ലേ? എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. നാസിപ്പടയെ തോൽപിച്ചത് യുദ്ധം ചെയ്തിട്ടല്ലേ എന്നൊക്കെയാണ് ഇവർ ചോദിക്കുന്നത്.

രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടൻ 'ഹായ് .. യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടർ മറന്നതായി തോന്നുന്നു. യുദ്ധം ഒഴിവാക്കാൻ നടത്തിയ സോവിയറ്റ് പരിശ്രമവും, അനാക്രമണ സന്ധിയും ഒന്നും ഇക്കൂട്ടർക്ക് ഓർമയില്ല. ഒടുവിൽ അക്രമിക്കപ്പെട്ടപ്പോൾ , യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയൻ യുദ്ധത്തിനിറങ്ങിയത് .

ഹിറ്റ്ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുൻകയ്യെടുത്തത്. ലോകസമാധാന കൗൺസിൽ ( ഡബ്ല്യു പി സി ) നിലവിൽ വന്നത് അങ്ങനെയാണ് .

ലോകസമാധാന കൗൺസിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എ ഐ പി എസ് ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെങ്കിലും ഇക്കൂട്ടർ ഓർക്കണം. ഇതിനിടയിൽ മുമ്പ് പലസ്തീനെ പിന്തുണച്ചതിനെതിരായ ചില അപശബ്ദങ്ങളും കേട്ടു. അവിടെ ചരിത്രത്തിലുടനീളം ഇസ്രായേലാണ് യുദ്ധഭീകരത സൃഷ്ടിച്ചത് .

സർവവും അപഹരിക്കപ്പെട്ട , മുക്കാൽപങ്ക് മനുഷ്യരും കൊല്ലപ്പെട്ട ഒരു ജനതയെന്ന നിലയിൽ പലസ്തീനികൾക്ക് പൊരുതുകയല്ലാതെ വഴിയില്ല . അതിനാൽ യുദ്ധവിരുദ്ധ നിലപാടു തന്നെയാണ് പലസ്തീനികൾക്കുള്ള ഉപാധിരഹിത പിന്തുണ.

ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാൽ യുദ്ധം ചെയ്യണ്ടി വരില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇന്ത്യ ഇപ്പോഴും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇക്കൂട്ടർ ഇപ്പോഴും മനസിലാക്കിയിട്ടില്ല. പാകിസ്ഥാനിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു തകർക്കുന്ന സൈനിക നടപടിയാണ് ഇന്ത്യ നടത്തിയത് . ഇന്ത്യ വ്യക്തമാക്കിയത് പോലെ ഇത് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ്. യുദ്ധമല്ല. ഈ നടപടിയെ സിപിഐ (എം) ഉൾപ്പെടെ ഇന്ത്യയിൽ എല്ലാവരും പിന്തുണച്ചതുമാണ്. അതിൽ ഒരു തർക്കവും നിലവിലില്ല.

ഈ തിരിച്ചടിയിൽ നിന്നും പാകിസ്ഥാൻ പാഠം ഉൾക്കൊള്ളണമെന്നും എല്ലാം ഇവിടെ അവസാനിപ്പിക്കണമെന്നുമാണ് ഇന്നലത്തെ കുറിപ്പിൽ വ്യക്തമാക്കിയത്. എന്നാൽ അതിർത്തിയിൽ ഷെല്ലാക്രമണം നടത്തിക്കൊണ്ട് പാകിസ്ഥാൻ യുദ്ധാന്തരീക്ഷം ഉണ്ടാക്കുന്നു എന്നും അത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വ്യക്തമായി തന്നെയാണ് സൂചിപ്പിച്ചത്. തുടർന്ന് യുദ്ധവിരുദ്ധ നിലപാടും വിശദീകരിച്ചു.

ഇതിൽ എവിടെയാണ് സന്ദേഹികളുടെ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. വൻതോതിൽ പടർന്നുപിടിക്കുന്ന യുദ്ധാസക്തിയുടെ പിടിയിൽ ഈ കൂട്ടരും വീണുപോയി എന്നു തോന്നുന്നു. അത്രമാത്രം വിപൽക്കരമാണ് ജനങ്ങൾക്കിടയിൽ പടരുന്ന യുദ്ധാഭിമുഖ്യം എന്നതാണ് വസ്തുത. എന്നാൽ ലോകത്തെവിടെയും ഒരു കമ്മ്യൂണിസ്റ്റുകാരന് യുദ്ധാസക്തനാവാൻ കഴിയില്ല.

ലോകസമാധാനം എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് തന്നെ വേൾഡ് പീസ് കൗൺസിലും കമ്മ്യൂണിസ്റ്റുകാരുമാണ്.

മനുഷ്യൻ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യാത്ത കാലമാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്നമെന്ന് ഇടതു നാട്യ സന്ദേഹികൾ മനസിലാക്കണം . യുദ്ധങ്ങളില്ലാത്ത സാഹോദര്യത്തിൻ്റെ ലോകമാണ് കമ്യൂണിസം . ആരും ആരെയും കീഴടക്കാത്ത , അന്യൻ്റെ ശബ്ദം പോലും സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ലോകം സ്വപ്നം കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സന്ദേഹികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.

ഇന്ത്യ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത യുദ്ധത്തിൽ ഇന്നലെ തന്നെ അണിനിരക്കാൻ കുറെ യുദ്ധാസക്തർ ഇറങ്ങിയിരിക്കുകയാണ്. യുദ്ധാസക്തി ഒരു സാംക്രമിക രോഗം പോലെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത് ?

വാർ ഗെയിമുകളിലൂടെ വളർന്നുവന്ന ഒരു തലമുറയെ യുദ്ധഭ്രാന്തരാക്കാൻ എത്ര എളുപ്പമാണ് എന്ന് തെളിയുന്നു. കൂടുതൽ ശക്തിയോടെ യുദ്ധവിരുദ്ധ പ്രചാരണം ഏറ്റെടുക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആവർത്തിക്കുന്നു;

യുദ്ധത്തിൽ വിജയികളില്ല. ആണവ യുദ്ധാനന്തരം മനുഷ്യരുമുണ്ടാവില്ല. അതായത് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്ന് ഒരു വരിയോ വാക്കോ മാറ്റേണ്ട കാര്യമില്ല. കുത്തോ കോമയോ പോലും നീക്കേണ്ട ആവശ്യവുമില്ല. കൂടുതൽ വിശദീകരിക്കേണ്ടതുമില്ല.

ആ പോസ്റ്റിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ചു നിൽക്കുന്നു. പ്രഖ്യാപിക്കാത്ത യുദ്ധത്തിൽ ഏറെ മുൻപേ അണിനിരന്നു കഴിഞ്ഞ സംഘപരിവാറുകാരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. എൻറെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത്. കുറച്ചു മനുഷ്യർക്ക് അത് മനസ്സിലായിട്ടുണ്ട് . അതിൽ സന്തോഷവുമുണ്ട് .

അപ്പോൾ പിന്നെ, സംഘപരിവാറുകാർ തെറിവിളിയും ഭീഷണിയും അധിക്ഷേപവും സംഘടിതമായി , കൂടുതൽ ശക്തിയോടെ തുടരുക. പറ്റാവുന്നവരെയൊക്കെ കൂടെ കൂട്ടുക .ഇനിയെങ്ങാൻ ഞാൻ പേടിച്ച് നിലപാട് മാറ്റിയാലോ.....!

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News