'എം.എ ബേബി പ്രകടിപ്പിച്ചത് നിസ്സഹായാവസ്ഥ'; സിപിഐയുടെ വായ് മൂടിക്കെട്ടാൻ ആർക്കും പറ്റില്ലെന്ന് പ്രകാശ് ബാബു
കേരളത്തിലെ സിപിഎമ്മിന് പുതിയ നിർദേശം വല്ലതും കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
Photo| MediaOne
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണുമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണത്തിൽ സിപിഐ കടുത്ത അതൃപ്തിയിൽ. എം.എ ബേബി പ്രകടിപ്പിച്ചത് നിസ്സഹായാവസ്ഥയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു ഡൽഹിയിൽ പറഞ്ഞു.
അങ്ങനൊരു നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയല്ല വേണ്ടത്. ഗൗരവമായി ഇടപെടണം. സിപിഎമ്മിന്റെ ദേശീയനയത്തിൽ നിന്ന് വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുമ്പോൾ ആ രീതിയിലായിരുന്നു ഇടപെടേണ്ടത്. കേരളത്തിലെ സിപിഎമ്മിന് പുതിയ നിർദേശം വല്ലതും കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
ദേശീയനയത്തിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഒരു മന്ത്രി നീങ്ങുമ്പോൾ അതിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ഞങ്ങൾക്ക് മനസിലായത്. ഇതിൽ, സിപിഐക്ക് നീതി ലഭിക്കുന്നത് അല്ല വിഷയം. മറിച്ച്, ബിജെപിയുടെ അജണ്ടയിൽ നിന്ന് രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ രക്ഷപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐയുടെ വായ് മൂടിക്കെട്ടാൻ ആർക്കും പറ്റില്ല. എംഒയുവിൽ ഒപ്പിട്ടത് തെറ്റായ നിലപാടാണ്. ഒപ്പിട്ടവരും തീരുമാനമെടുത്തവരുമാണ് എന്തിനാണ് ഇത്ര ധൃതി കാണിച്ചതെന്ന് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിഎം ശ്രീയിൽ സിപിഎം കേന്ദ്രനേതൃത്വം ഇടപെടാനില്ലെന്ന് എംഎ ബേബി പറഞ്ഞത്.
വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇടപെടണം എന്നായിരുന്നു സിപിഐ ആവശ്യമെങ്കിലും സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണട്ടെ എന്നാണ് ബേബി പറഞ്ഞത്. പദ്ധതിയിൽ സംസ്ഥാനത്തിൻ്റെ നിലപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയ എംഎ ബേബി, പിഎം ഉഷ കേരളത്തിൽ നടപ്പാക്കിയതാണെന്നും ഒരു പ്രശ്നവും ഉണ്ടായില്ലെന്നും പിഎം ശ്രീയിൽ ഇരു പാർട്ടികളും സംസ്ഥാന തലത്തിൽ ഒരുമിച്ച് ചർച്ച നടത്തണമെന്നും പ്രതികരിച്ചു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ അതൃപ്തി കൂടിക്കാഴ്ചയിൽ ഡി. രാജ അറിയിച്ചു. സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന് രാജ പറഞ്ഞു. നടപടി പാർട്ടി നയത്തിന് വിരുദ്ധമെന്നും രാജ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പ്രശ്നം ഇരു പാർട്ടികളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഡി. രാജ അറിയിച്ചു.
ദേശീയവിദ്യാഭ്യാസ നയത്തെ സിപിഎമ്മും സിപിഐയും എതിർക്കുന്നു. അങ്ങനെയുള്ള സിപിഎം ധാരണാപത്രത്തിൽ ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് ഡി. രാജ ചോദിച്ചു. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെയും കേന്ദ്രീയവത്കരിക്കുന്നതിനെയും എതിർക്കുന്ന പാർട്ടികളാണ് സിപിഐയും സിപിഎമ്മും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. പ്രശ്നപരിഹാരത്തെ പറ്റിയാണ് ചർച്ച ചെയ്‌തത്.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് എംഒയു ഒപ്പുവച്ചതെന്ന എം.എ ബേബിയുടെ അവകാശവാദത്തിലും ഡി. രാജ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ തമിഴ്നാട് സർക്കാർ കോടതിയിൽ പോയി. അവർക്ക് തുക കോടതിയുടെ ഇടപെടലിലൂടെ ലഭിച്ചു. കേരളത്തിനും കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്നും രാജ ചോദിച്ചു.
പിഎം ശ്രീയിൽ ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കണമെന്നും പദ്ധതിയിൽ നിന്ന് കേരളം പിന്നോട്ടുപോകണമെന്നുമാണ് സിപിഐ ആവശ്യം. മുന്നണി മര്യാദകൾ ലംഘിച്ചാണ് സിപിഎം ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സിപിഐ മന്ത്രിമാർ പോലും അറിഞ്ഞില്ല എന്നത് പാർട്ടിയെ അപമാനിക്കുന്നതാണെന്നുമാണ് വിലയിരുത്തൽ. ഇക്കാര്യം അറിയിക്കാനാണ് രാജ എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ സിപിഎം കേന്ദ്രനേതൃത്വവും സിപിഐയെ കൈയൊഴിഞ്ഞതോടെ സംസ്ഥാന തലത്തിൽ ഇനി ചർച്ച നടക്കുമോ എന്നാണ് അറിയേണ്ടത്.