'ചെമ്പിൽ നിന്ന് എടുത്തതേ ഉള്ളൂ എന്നാണ് ജീവനക്കാർ പറഞ്ഞത്'; മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിൽ കോഴിക്കോട് സ്വദേശികളും

ഭക്ഷ്യവിഷബാധയിൽ ഹോട്ടൽ ഉടമകളുടെ അറസ്റ്റ് ഉടനുണ്ടാകും

Update: 2023-01-18 04:08 GMT
Advertising

കോഴിക്കോട്: എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിൽ കോഴിക്കോട് സ്വദേശികളും. കോഴിക്കോട് പെരിങ്ങളം സ്വദേശി രാഹുലിനും കൂട്ടുകാർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്നവഴിയാണ് ഇവർ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചത്. മന്തി മാത്രമാണ് ഹോട്ടലിൽ നിന്ന് കഴിച്ചതെന്നും അപ്പോൾ കുഴപ്പമൊന്നും തോന്നിയിരുന്നില്ലെന്നും അവർ പറഞ്ഞു.

അപ്പോൾ ചെമ്പ് എടുത്തതേയുള്ളൂവെന്നാണ് അവർ പറഞ്ഞതെന്നും രാത്രി 11.30ന് ഭക്ഷണം കഴിച്ച ശേഷം 12.30 ഓടെ ഛർദ്ദിയും ഓക്കാനവും തുടങ്ങുകയായിരുന്നുവെന്നും പറഞ്ഞു.

അതേസമയം, ഹോട്ടലിലെ ഭക്ഷ്യവിഷബാധയിൽ ഹോട്ടൽ ഉടമകളുടെ അറസ്റ്റ് ഉടനുണ്ടാകും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്കെതിരെ പറവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ച ഭക്ഷണസാധനങ്ങളുടെ സാമ്പിളിന്റെ പരിശോധനാഫലത്തിന്റെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഹോട്ടലിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്കും സാധ്യതയുണ്ട്.

തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്ക് ചർദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ്, പറവൂർ താലൂക്ക് ആശുപത്രി, പറവൂരിലെ സ്വകാര്യ ആശുപത്രികൾ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിരവധി പേരാണ് ചികിത്സ തേടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അടിയന്തരായി പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരിക്കുന്നത്.

ഹോട്ടലിലെ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭ്യമാകും. ഹോട്ടലിലെ ഭക്ഷണസാധനങ്ങളിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയാൽ ഹോട്ടലിനെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകും. വിഷയത്തിൽ പറവൂർ പൊലീസ് ഹോട്ടൽ ഉടമകൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം ഹോട്ടൽ ഉടമകളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ ആണ് പൊലീസിന്റെ തീരുമാനം. അതിനിടെ ഭക്ഷ്യവിഷബാധയിൽ ചികിത്സ തേടിയ ഭൂരിഭാഗം പേരും ആശുപത്രി വിട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുപേരും പറവൂർ താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരുമാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.


Full View

Majlis Hotel: Residents of Kozhikode also suffer from food poisoning

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News