അമ്മയുടേത് അച്ചടക്ക നടപടിയല്ല: മാല പാര്‍വതി
വിജയ് ബാബുവിനെതിരെ പെൺകുട്ടിയുടെ പേര് പറഞ്ഞതിൽ നടപടി ഉണ്ടാകണമെന്ന് മാല പാര്‍വതി
വിജയ് ബാബുവിനെതിരെ അമ്മയെടുത്തത് അച്ചടക്ക നടപടിയല്ലെന്ന് മാല പാര്‍വതി. അച്ചടക്ക സമിതി അംഗമായിരിക്കേ ഈ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇതിനാലാണ് അച്ചടക്ക സമിതി അംഗത്വത്തില്‍ രാജിവച്ചതെന്നും മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ പെൺകുട്ടിയുടെ പേര് പറഞ്ഞതിൽ നടപടി ഉണ്ടാകണം. വിജയ് ബാബു ഒഴിവാക്കണം എന്ന് സ്വമേധയാ ആവശ്യപ്പെട്ടു എന്നാണ് പത്രക്കുറിപ്പിൽ ഉള്ളത്. അത് അച്ചടക്ക നടപടി അല്ല. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പത്രക്കുറിപ്പില്‍ ഇല്ല. ആ വരി ഉണ്ടായിരുന്നെങ്കില്‍ താന്‍ രാജി വയ്ക്കില്ലായിരുന്നുവെന്നും മാലാ പാര്‍വതി അറിയിച്ചു.
അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്ന് ഇന്ന് രാവിലെയാണ് മാലാ പാർവതി രാജിവെച്ചത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. അമ്മ ഇറക്കിയ വാർത്താ കുറിപ്പിൽ വിയോജിപ്പുണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി.
വിജയ്ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇതിന് മുമ്പ് തന്നെ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ല് യോഗം ചേര്‍ന്ന് വിജയ് ബാബുവിനെതിരെ അമ്മക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് വിജയ് ബാബുവിന്‍റെ കത്ത് ലഭിച്ചത്. ഇത് മാത്രമാണ് അമ്മ പരിഗണിച്ചതെന്ന് മാലാ പാര്‍വതി പറഞ്ഞു.