വേടന് പുലിപ്പല്ല് നൽകിയത് മലേഷ്യൻ പ്രവാസി; കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി

11 മണിയോടെ വേടനെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കും.

Update: 2025-04-29 04:54 GMT

കൊച്ചി: റാപ്പർ വേടന് പുലിപ്പല്ല് നൽകിയത് മലേഷ്യൻ പ്രവാസി. രഞ്ജിത്ത് കുമ്പിടി എന്നയാളാണ് പുലിപ്പല്ല് നൽകിയതെന്നും ചെന്നൈയിൽ വച്ചാണ് കൈമാറിയതെന്നും വേടന്റെ മൊഴി. കൂടുതൽ ചോദ്യം ചെയ്യാനായി വേടനെ കോടനാട്ടുള്ള മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ എത്തിച്ചു.

11 മണിയോടെ വേടനെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കും. രഞ്ജിത്ത് കുമ്പിടിക്ക് പുലിപ്പല്ല് എവിടെനിന്ന് ലഭിച്ചു എന്നും വനംവകുപ്പ് അന്വേഷിക്കും. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നൽകിയതാണെന്നുമാണ് വേടൻ ഇന്നലെ മൊഴി നൽകിയത്. 

Advertising
Advertising

തായ്‌ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം മൊഴി നൽകിയത്. പിന്നീട് തമിഴ്നാട്ടിലുള്ള ആരാധകൻ തന്നതാണെന്ന് പറയുകയായിരുന്നു. സമ്മാനമായി ലഭിച്ചതാണെങ്കിലും നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്.

അതേസമയം, പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്. വനം‌വകുപ്പ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രഹസ്യവിവരത്തെ തുടർന്ന് വൈറ്റിലയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന് വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ല് ആണെന്ന സംശയം തോന്നുകയും പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് വനംവകുപ്പ് കേസെടുത്തത്.

ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു. വളരെ ചെറിയ അളവിലുള്ള കഞ്ചാവായതിനാൽ ആണ് കേസിൽ ജാമ്യം അനുവദിച്ചത്. തുടർന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, ഫ്ലാറ്റിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കില്ല. ഇവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങിയതാണെന്ന് വേടൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആയുധങ്ങൾ വാങ്ങിയതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. സ്രോതസ് കാണിക്കുന്ന മുറയ്ക്ക് പിടിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയും വിട്ടുനൽകും.

ഇന്നലെ രാവിലെ 11 മണിയോടെയാണ്, ലഹരിവസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നാണ് വേടന്റെയും ഒപ്പമുണ്ടായിരുന്ന എട്ട് സുഹൃത്തുക്കളുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News