നടിമാരോട് അകലം പാലിച്ചതിൽ പശ്ചാത്താപമുണ്ടോയെന്ന് മു​കേഷിന്റെ ചോദ്യം; തെറ്റ് ചെയ്താൽ മാത്രം പശ്ചാത്തപിച്ചാൽ മതിയെന്ന് മമ്മൂട്ടി

വൈറലായി പഴയ വിഡിയോ

Update: 2024-08-27 15:42 GMT

കോഴിക്കോട്: സിനിമയിൽ കൂടെ അഭിനയിച്ച നടിമാരോട് വലിയരീതിയിൽ ഇടപഴകാത്തതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടോയെന്ന നടനും എം.എൽ.എയുമായ മുകേഷിന്റെ ചോദ്യത്തിന് മമ്മൂടി മറുപടി നൽകുന്നതിന്റെ പഴയ വിഡിയോ ​വൈറലാകുന്നു. പശ്ചാത്തപിക്കാൻ അതൊരു തെറ്റായി തോന്നിയിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെയും ലൈംഗികാരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ മറുപടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘അഭിനയത്തിലും ജീവിതത്തിലും അദ്ദേഹം ഒരു റോൾ മോഡലാണ്. ഒരുപാട് പ്ലസ് പോയിന്റുകൾ അദ്ദേഹത്തിനുണ്ട്. എന്നാൽ, തനിക്കും മോഹൻലാലിനുമെല്ലാം തോന്നിയ ഒരു നെഗറ്റീവ് എന്നത് മമ്മൂട്ടി പ്രതിച്ഛായയെക്കുറിച്ച് ഒരുപാട് ബോധവാനാണെന്നതാണ്. പ്രത്യേകിച്ച് കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് വലിയരീതിയിൽ ഇടപഴകാറില്ല. അവരുടെ കൂടെ കാറിൽ കയറിപ്പോകുന്നത് പോലും ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോൾ തിരിഞ്ഞു​നോക്കുമ്പോൾ പശ്ചാത്തപിക്കുന്നുണ്ടോ’ -എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

Advertising
Advertising

‘പശ്ചാത്തപിക്കാൻ അതൊരു തെറ്റായി ഞാൻ കണ്ടിട്ടില്ല. തെറ്റ് ചെയ്താൽ മാത്രം പശ്ചാത്തപിച്ചാൽ മതി. ഇവർ സംസാരിക്കുന്നത് പോലെ ഒരുപാട് അനാവശ്യ കാര്യങ്ങൾ നടിമാരോട് സംസാരിക്കാറില്ല. അവർക്ക് കൂടി താൽപ്പര്യമുള്ളതും മാന്യമായി തോന്നുന്നതുമായ വിഷയങ്ങൾ മാ​ത്രമാണ് സംസാരിക്കാറ്’ -മമ്മൂട്ടി പറഞ്ഞു.

മുകേഷെല്ലാമുള്ള സമയത്ത് തനിക്ക് സംസാരിക്കാൻ അവസരം കിട്ടാറില്ലെന്നും മമ്മൂട്ടി തമാ​ശരൂപേണ പറഞ്ഞു. ചില ആളുകൾക്ക് ഒരുപാട് സംസാരിക്കാനും വാചാലമാകാനും സാധിക്കും. ഇതുപോലെയാകും ഇവർ സ്ത്രീകളോട് സംസാരിക്കുന്നത്. എന്തൊക്കെയാണ് അവരുടെ മനസ്സിൽ തോന്നുന്നതെന്ന് ആർ​ക്കറിയാം എന്ന് പറഞ്ഞാണ് മമ്മൂട്ടി മറുപടി അവസാനിപ്പിക്കുന്നത്. വേദിയിൽ നിലവിലെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News