മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് ആശ്വാസം
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.