ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അട്ടപ്പാടിയിൽ വൻ ഭൂമി വിൽപന; ഇതുവരെ വിറ്റത് 875 ഏക്കർ
വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ ബലത്തിലാണ് വില്‍പ്പന നടന്നത്
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം ലംഘിച്ച് അട്ടപ്പാടിയിൽ വൻ ഭൂമി വിൽപന. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ ബലത്തിൽ 875 ഏക്കർ ഭൂമിയാണ് വിൽപന നടത്തിയത്. 2023-24 കാലഘട്ടത്തിലാണ് വിൽപന നടന്നത്.വിൽപനക്ക് എതിരായ പരാതിയും വിറ്റ ആളുടെ എതിർ പരാതിയും അന്വേഷിക്കുന്നുവെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ അറിയിച്ചു. എം.കെ മുനീറിന്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.
ഭൂപരിഷ്കരണ നിയമം പൂർണ്ണമായി ലംഘിച്ചാണ് വൻ വില്പന നടന്നത്.കോട്ടത്തറ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ ബലത്തിലാണ് 2023- 24 കാലത്ത് വിൽപ്പന നടന്നത്.വിവിധ ദിവസങ്ങളിൽ അഗളി സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ചത് 183 ആധാരങ്ങളാണ്. 20 പേർ വിറ്റത് 9 സർവേ നമ്പരുകളിൽ ഭൂമിയാണ്.
ഗുരുതരമായ ക്രമക്കേട് കണ്ടെത്തി പശ്ചാത്തലത്തിൽ വിൽപ്പനയുമായി ബന്ധപ്പെട്ട പരാതി രജിസ്ട്രേഷൻ വകുപ്പിന് ലഭിച്ചിരുന്നു.ഭൂമി വിറ്റ ആളുടെ എതിർ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിച്ചു വരികയാണെന്നാണ് മന്ത്രി സഭയെ അറിയിച്ചത്.