​ഗവർണർക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐയുടെ വൻ പ്രതിഷേധം; സംഘർഷം

'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന ബാനർ പിടിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രകടനവുമായി രം​ഗത്തെത്തിയത്.

Update: 2023-12-18 11:50 GMT
Advertising

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. പൊലീസിന്റെ കനത്ത സുരക്ഷ അവ​ഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രം​ഗത്തെത്തിയത്.

യൂണിവേഴ്സിറ്റി ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ഉള്ളത്. ​ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് സെമിനാർ ഹാൾ. എന്നാൽ അവിടേക്ക് ഗവർണറെ എത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കറുത്ത ഷർട്ടും ടീ ഷർട്ടുമണിഞ്ഞും കറുത്ത ബലൂണുകൾ അടക്കം ഉയർത്തിയുമാണ് പ്രതിഷേധം.

'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന ബാനർ പിടിച്ചായിരുന്നു നൂറുകണക്കിന് വരുന്ന എസ്എഫ്ഐ പ്രവർത്തകർ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രകടനത്തിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സലടക്കമുള്ളവർ മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി.

പൊലീസിന്റെ കനത്ത സുരക്ഷ മറികടന്നായിരുന്നു ഇവർ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉന്തും തള്ളുമുണ്ടായി. കരിങ്കൊടിയുമായി നേതാക്കളും പ്രവർത്തകരുമടക്കം 15ഓളം പേരാണ് ഇവിടേക്ക് ചാടിയത്.

ഒരു വിഭാഗം പ്രവർത്തകരെ പരീക്ഷാഭവന് കോമ്പൗണ്ടിനകത്ത് നിർത്തുകയും പ്രകടനം വരുമ്പോൾ മതിൽ ചാടിക്കടക്കാൻ നിർദേശിക്കുകയുമായിരുന്നു. മതിൽ ചാടിക്കടന്നെത്തിയ എസ്എഫ്‌ഐ നേതാക്കളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

തുടർന്ന് ഗസ്റ്റ് ഹൗസിന് സമീപത്ത് റോഡിൽ കുത്തിയിരുന്ന് 'ഗവർണർ ഗോ ബാക്ക്' വിളിച്ച് പ്രതിഷേധിക്കുകയാണ് എസ്എഫ്‌ഐ പ്രവർത്തകർ. മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. ഇവിടേക്കെത്തിയപ്പോൾ ബാരിക്കേഡ് ചാടിക്കടന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണറെ സെമിനാർ ഹാളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News