തദ്ദേശ തെരഞ്ഞെടുപ്പ് ജയം; മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ
വിജയാഘോഷം പങ്കുവയ്ക്കുന്നതിന്‍റെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തത്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. വിജയാഘോഷം പങ്കുവയ്ക്കുന്നതിന്‍റെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തത്.
നേരത്തെ, എംഎൽഎക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇതിനോടുളള പ്രതിഷേധത്തിൻ്റെ കൂടി ഭാഗമായിരുന്നു കുഴലപ്പം വിതരണം. കുഴലപ്പം വിതരണം ചെയ്യുമെന്ന് കുഴൽനാടൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു
ഫേസ്ബുക്ക് പോസ്റ്റ്
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം പ്രമാണിച്ച് ഇന്ന് വൈകിട്ട് 7.00 മണിക്ക് ആഹ്ളാദ പ്രകടനത്തിന് ശേഷം മുവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്യുന്നതാണ്. രാഷ്ട്രിയ ഭേദമെന്യ എല്ലാവരും വന്ന് കഴിക്കണം എന്ന് അഭ്യർഥിക്കുന്നു.
NB: മുവാറ്റുപുഴയിലെ ചിലർക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം എന്നതുകൊണ്ടാണ് ഈ പലഹാരം ആക്കിയത്..
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് നേടാനായത്. 504 ഗ്രാമ പഞ്ചായത്തുകളില്‍ ഭൂരിപക്ഷം. കഴിഞ്ഞ തവണ 337 ഗ്രാമപഞ്ചായത്താണ് യുഡിഎഫിനുണ്ടായിരുന്നത്. 580 ഗ്രാമ പഞ്ചായത്തുണ്ടായിരുന്ന ഇടത് മുന്നണി 341ലേക്ക് കൂപ്പ് കുത്തി. 15 ല്‍ നിന്ന് പഞ്ചായത്തുകളുടെ എണ്ണം 26ലേക്കുയര്‍ത്താന്‍ ബിജെപിക്കായി. ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫാണ് മുന്നില്‍ 79 ഇടത്ത്. 2020ല്‍ ഇത് 40ആയിരുന്നു. 111 ബ്ലോക്ക് ഭരിച്ച എല്‍ഡിഎഫ് 63ല്‍ ഒതുങ്ങി. പകുതി ജില്ലാ പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലാ പഞ്ചായത്തുകള്‍ യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു.
54 നഗരസഭകളില്‍ യുഡിഎഫും 28 നഗരസഭകളില്‍ എല്‍ഡിഎഫും വിജയക്കൊടി പാറിച്ചു. പാലക്കാട് നഗരസഭ നിലനിര്‍ത്തിയപ്പോള്‍ പന്തളം ബിജെപിക്ക് നഷ്ടമായി. പകരം തൃപ്പുണ്ണിത്തറ ബിജെപി പിടിച്ചെടുത്തു. കനത്ത പോരാട്ടമായിരുന്നു കോര്‍പ്പറേഷനുകളില്‍ കണ്ടത്. എല്‍ഡിഎഫ് കുത്തകയായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കൊച്ചി, തൃശൂര്‍, കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫും കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫും നിലനിര്‍ത്തി.