ബാലഗോകുലം പരിപാടിയില്‍ മേയര്‍; നടപടിക്കൊരുങ്ങി സി.പി.എം

നടപടിയെടുക്കാൻ ജില്ലാ ഘടകത്തെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി

Update: 2022-08-08 14:55 GMT

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീനാ ഫിലിപ്പിനെതിരെ സിപിഎം നടപടിയെടുക്കാൻ സാധ്യത. നടപടിയെടുക്കാൻ ജില്ലാ ഘടകത്തെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. നേരത്തേ ബീനാ ഫിലിപ്പിനെ തള്ളി സി.പി.എം ജില്ലാ  നേതൃത്വം രംഗത്ത് വന്നിരുന്നു. മേയറുടെ സമീപനം സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതായും പി മോഹനന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

 ബാലഗോകുലത്തിന്‍റെ പരിപാടിയിലെ  മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ങ്ങളും വിവാദമായിരുന്നു. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. 'പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം'. മേയര്‍ അഭിപ്രായപ്പെട്ടു.

Advertising
Advertising

ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്‍റെതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും'. മേയര്‍ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആർ.എസ്.എസ് ഏറ്റെടുക്കുന്നതിനെതിരെ പ്രതിരോധിക്കണമെന്നാണ് സി.പി.എം നിലപാട്. ഇതിനിടയിലാണ് മേയര്‍ പരിപാടിയില്‍ പങ്കെടുത്തത്.

ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ബീന ഫിലിപ്പ് രംഗത്തെത്തിയിരുന്നു. പരിപാടിയിൽ വർഗീയതയെ കുറിച്ചല്ല ശിശുപരിപാലനത്തെകുറിച്ചാണ് പ്രസംഗിച്ചത്. തന്‍റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. പരിപാടിയിൽ പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞില്ലെന്നും മേയർ പ്രതികരിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News