Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: മീഡിയവൺ അക്കാദമിയുടെ നേതൃത്വത്തിൽ പ്രമുഖ മൾട്ടി ബ്രാൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കമ്പനിയായ കെ.പി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ പേരോട് എംഐഎംഎച്ച്എസിൽ വിഷ്വൽ മീഡിയാ പ്രൊഡക്ഷനിൽ സ്കിൽ ട്രൈനിങ് കോഴ്സ് നൽകാൻ ധാരണയായി. പേരോട് എംഐഎംഎച്ച്എസിൽ നടന്ന ചടങ്ങിൽ കെ.പി ഗ്രൂപ്പ് എംഡി കെ.പി മുഹമ്മദ് ധാരണാ പത്രം മീഡിയവൺ എക്സിക്യുട്ടീവ് മാനേജർ റസലിന് കൈമാറി.
ഹയർ സെക്കൻ്ററി ക്ലാസുകളിലെ 25 വിദ്യാർത്ഥികൾക്ക് ദ്യശ്യ മാധ്യമ മേഖലയിലെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ് തുടങ്ങി വിവിധ വശങ്ങളെ കുറിച്ച് സമഗ്രമായ പരിശീലനം നൽകുന്നതിനാണ് ധാരണയായത്. കോഴ്സിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമിക്കും.
മീഡിയവൺ ചാനലിൻ്റെ പശ്ചാത്തല സൗകര്യങ്ങളും പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളുമാണ് കോഴ്സിൻ്റെ പ്രത്യേകത. ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി കുഞ്ഞമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി കെ അബ്ബാസ്, പ്രിൻസിപ്പൽ എ കെ രജജിത്, മീഡിയ ക്ലബ് കൺവീനർ ഇസ്മായിൽ വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു. ഹയർ സെക്കൻ്ററി വിദ്യാർഥികൾക്ക് മീഡിയവൺ കോഴ്സുകൾ പരിശീലിക്കാൻ ആദ്യമായി ലഭിക്കുന്ന ഈ അവസരം പേരോട് എംഐഎംഎച്ച്എസിൽ ആഗസ്റ്റ് ആദ്യ വാരം മുതൽ തുടക്കമാവും.