മരുന്ന് വിതരണം നിര്‍ത്തി; കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളും ഡോക്ടർമാരും ആശങ്കയിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ലഭ്യമല്ലാതായത്തോടെ പുറത്തുനിന്നും വൻ തുക മുടക്കി മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ

Update: 2024-03-15 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: വൻ തുക കുടിശ്ശികയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം വിതരണക്കാർ നിർത്തിയതോടെ രോഗികളും ഡോക്ടർമാരും ആശങ്കയിൽ. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, തുടങ്ങിയവ വിതരണം ചെയ്ത‌ത വകയിൽ 75കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കാനുള്ളത്.

മാർച്ച് 9 മുതൽ കരാറുകാർ മരുന്ന് വിതരണം നിർത്തിയിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഫാർമസിയിലെ മരുന്നുകൾ ഉപയോഗിച്ചെങ്കിലും ഇന്നലെയോടെ മരുന്നുകൾ പൂർണമായും തീർന്ന സ്ഥിതിയിലാണ്. 8 മാസത്തെ കുടിശ്ശികയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. കലക്ടറുമായി നടത്തിയ ചർച്ചയിൽ കലക്ടർ അനുഭാവ പൂർവം പ്രശ്നങ്ങൾ കേട്ടതായും ബന്ധപ്പെട്ടവരെ വിവരങ്ങൾ അറിയിക്കാം എന്ന് കലക്ടർ ഉറപ്പ് നൽകിയതായും മരുന്ന് വിതരണക്കാർ പറയുന്നു.

ഡിസംബർ വരെയുള്ള കുടിശ്ശിക മാർച്ച് 31നകം ലഭിക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിതരണക്കാർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ലഭ്യമല്ലാതായത്തോടെ പുറത്തുനിന്നും വൻ തുക മുടക്കി മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. ഓർത്തോ വിഭാഗത്തിൽ നടക്കേണ്ടിയിരുന്ന മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്ക്‌ ഇതുവരെ മുടക്കം വന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News