മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ

വൻതുകയുടെ ടിക്കറ്റ് എടുത്ത് കാത്തിരുന്ന ആരാധകർക്ക് മെസ്സിയെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞിരുന്നില്ല.

Update: 2025-12-14 10:49 GMT

കൊൽ‍ക്കത്ത: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ. മെസ്സിയുടെ ​ഗോട്ട് ഇന്ത്യ ടൂർ-2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. പശ്ചിമബം​ഗാൾ പൊലീസാണ് ദത്തയെ അറസ്റ്റ് ചെയ്തത്. ​ബിധാൻനഗർ കോടതിയിൽ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന പരിപാടി സംഘർഷത്തിൽ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദത്തയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

Advertising
Advertising

മെസ്സിയെ കാണാനാവാതെ വന്നതോടെ അക്രമാസക്തരായി സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരിൽ ചിലർ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിക്കുകയായിരുന്നു. ഗാലറിയിൽനിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.

ആയിരക്കണക്കിന് പേരാണ് മെസ്സിയെ കാണാനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും ഒഴുകിയെത്തിയത്. വൻതുകയുടെ ടിക്കറ്റ് എടുത്ത് കാത്തിരുന്ന ആരാധകർക്ക് മെസ്സിയെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല. 4000 മുതൽ 25,000 രൂപവരെയാണ് ഇവർ ടിക്കറ്റിന് നൽകിയത്. പരിപാടി രണ്ടു മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അരമണിക്കൂർ തികയുംമുമ്പേ അവസാനിപ്പിച്ചു. കുറഞ്ഞ സമയം മാത്രമാണ് മെസ്സി സ്റ്റേഡിയത്തിൽ ചെലവഴിച്ചത്.

ഇതോടെയാണ്, മെസ്സിയെ ശരിയായി കാണാനായില്ലെന്ന എന്ന ആക്ഷേപം ഉയർത്തി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയതും അക്രമം അഴിച്ചുവിട്ടതും. മുഖ്യമന്ത്രി മമത ബാനർജി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവർ സ്റ്റേഡിയത്തിൽ മെസ്സിക്കൊപ്പം ഒന്നിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. പിന്നാലെയാണ് രോഷാകുലരായ ആരാധകർ അക്രമാസക്തരായത്. കസേരകളും ബാരിക്കേഡുകളും റെയ്ലിങ്ങുകളും ഇവർ നശിപ്പിച്ചു.

ആരാധക രോഷത്തിന് പിന്നാലെ മെസ്സിയോടും ആരാധകരോടും മുഖ്യമന്ത്രി മമത ബാനർജി ക്ഷമാപണം നടത്തി. സംഘാടകരുടെ കെടുകാര്യസ്ഥതയിൽ താൻ ഞെട്ടിപ്പോയെന്നും ഇത്തരമൊരു സംഭവത്തിന് കാരണമായത് എന്താണെന്ന് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഘാടകനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ പരിപാടിക്ക് ശേഷം മെസ്സി അടുത്ത സ്ഥലത്തേക്ക് പോവുകയും ചെയ്തു.

മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ആദ്യ പാദത്തിനായി ഇന്നലെ പുലർച്ചെയാണ് മെസ്സിയും സംഘവും കൊൽക്കത്തയിലെത്തിയത്. നഗരത്തിലെ തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. മെസ്സിക്കൊപ്പം ഇന്റർ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസും അർജന്റീനിയൻ സഹതാരം റോഡ്രിഗോ ഡി പോളും ഉണ്ടായിരുന്നു. 

ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യാ സന്ദർശനം നടത്തുന്ന മെസ്സി കൊൽക്കത്തയ്ക്ക് പുറമെ ഇന്നലെ ഹൈദരാബാദിലും എത്തിയിരുന്നു. ഇവിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുമായി താരം കൂടിക്കാഴ്ച നടത്തി. തെലങ്കാന സർക്കാരാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ ​ഗാന്ധിക്ക് മെസ്സി ഒപ്പുവച്ച ചെയ്ത ജേഴ്സി സമ്മാനിച്ചു.

ഇന്ന് മുംബൈയിലെ പരിപാടിയിൽ പങ്കെടുക്കുന്ന താരം തുടർന്ന് ഡൽഹിയിലേക്ക് പോകും. മുംബൈയിൽ നടക്കുന്ന പരിപാടിയിൽ മെസ്സിക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും മറ്റ് സെലിബ്രിറ്റികളും പങ്കെടുക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News