Writer - അൻഫസ് കൊണ്ടോട്ടി
anfas123
മന്ത്രി ജി.ആർ അനിൽ Photo: MediaOne
ആലപ്പുഴ: സംസ്ഥാനത്തെ നെല്ല് സംഭരണ പ്രതിസന്ധിയിൽ മില്ലുടമകൾക്കെതിരെ ഭക്ഷ്യമന്ത്രി. ഒരു രൂപ പോലും കുടിശ്ശികയില്ലെന്നും പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോ എന്ന് സംശയിക്കുന്നതായും ജി.ആർ.അനിൽ. നെല്ല് സംഭരണത്തിൽ പ്രതിസന്ധിയുള്ളത് ആലപ്പുഴയിൽ മാത്രമെന്നും ഇന്ന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണം ആരംഭിച്ചെങ്കിലും മുന്നോട്ടുവന്നത് ഒരു മില്ല് മാത്രമെന്ന് റൈസ് മിൽ അസോസിയയേഷൻ ജനറൽ സെക്രട്ടറി.
'നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള മുഴുവൻ പരാതിയും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുതൽ നെല്ല് സംഭരണം പുനരാംരംഭിച്ചത്. മില്ലുടമകൾ സഹകരിക്കാൻ തയ്യാറാകാത്ത പ്രശ്നമാണ് നിലവിലുള്ളത്. ഈ സർക്കാർ നിലവിൽ വന്നതുമുതൽ മില്ലുടമകൾ കർഷകരോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ചർച്ചകൾ നടക്കുന്നുണ്ട്. പരമാവധി മില്ലുടമകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'മന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മില്ലുടമകളുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയമുണ്ട്. പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം കുഴപ്പങ്ങളൊന്നുമില്ലാതെ നടക്കുന്നുണ്ട്. നെല്ലുസംഭരണത്തിലെ പ്രതിസന്ധി ആലപ്പുഴയിൽ മാത്രം. ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും കർഷകരോടൊപ്പം നിൽക്കുന്ന സർക്കാരാണ് കൂടെയുള്ളതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
നേരത്തെ, ആലപ്പുഴയിലെ രണ്ട് മില്ലുടമകളുമായി ഭക്ഷ്യവകുപ്പ് ധാരണയിലെത്തിയിരുന്നു. കേരളത്തിലെ നാൽപ്പതോളം മില്ലുടമകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ആദ്യഘട്ടത്തിൽ നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് മില്ലുടമകൾ ചേർന്ന യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് തീരുമാനിക്കുകയും നെല്ല് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഓരോ മില്ലുടമകളുമായും ഭക്ഷ്യമന്ത്രിയും കാർഷികമന്ത്രിയും നടത്തിയ ചർച്ചയിലാണ് രണ്ട് മില്ലുടമകൾ സംസ്ഥാനത്തെ നെല്ലെടുക്കാം എന്ന് അംഗീകരിച്ചത്.