തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ട്, പൂരം വരാനിരിക്കുന്നു: മന്ത്രി കെ.രാജൻ
''തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി ചെയ്യുന്നത്''
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേയുള്ളൂ. സർക്കാരിന്റെ വിലയിരുത്തൽ ആവട്ടെ. ജനം വിലയിരുത്തട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
സുരേഷ് ഗോപി എംപിക്കെതിരെയും കെ. രാജന്‍ രംഗത്ത് എത്തി. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ കാര്യമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക. അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശ്ശൂരിലെ എംപി ചെയ്യുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ. രാജന്‍ ചോദിച്ചു.
ഇടതു മുന്നണി വൻ വിജയം നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ
പ്രതീക്ഷിച്ചതിലും വലിയ വിജയം ഇടതു മുന്നണി നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അവകാശപ്പെട്ടു.
''വർഗീയ കൂട്ടുകെട്ട് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. യുഡിഎഫിൻ്റെ ഭാഗമായാണ് വെൽഫയർ പാർട്ടി പ്രവർത്തിക്കുന്നത്. തീവ്രവാദ - വർഗീയ സംഘടനകളുമായി എൽഡിഎഫ് സഹകരിക്കില്ല സഖ്യവുമില്ല. ആർക്ക് വേണമെങ്കിലും എൽഡിഎഫിന് വോട്ട് ചെയ്യാം. ജമാഅത്തെ ഇസ്ലാമി മുമ്പ് പിന്തുണച്ചിട്ടുണ്ടാകാം. അത് അവരുടെ തീരുമാനമാണ്''- ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.