'ഓണം കളറാക്കിയ ധനകാര്യമന്ത്രി'; കെ.എൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി ആർ. ബിന്ദു

പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് 5 കിലോ അരി. സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസും ഉത്സവബത്തയും വർധിപ്പിച്ചു

Update: 2025-09-09 07:06 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഓണക്കാലത്ത് സപ്ലൈകോ വഴി അടക്കം ഇരുപതിനായിരം കോടി രൂപയാണ് സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചതെന്നും രണ്ടുമാസത്തെ ക്ഷേമ പെൻഷനായി 3200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുൻപ് തന്നെ എത്തിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഓണം കളറാക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർത്ഥമായി പ്രവർത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങൾ.. ഈ ഓണക്കാലത്ത് സപ്ലൈകോ വഴി അടക്കം, ഇരുപതിനായിരം കോടി രൂപയാണ് സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടുമാസത്തെ ക്ഷേമ പെൻഷനായി 3200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുൻപ് തന്നെ എത്തി. പല വീടുകളിലും പ്രായമായ രണ്ടു പേരൊക്കെ ഉണ്ടാകും. 6400 രൂപയാണ് ഒരു വീട്ടിലെത്തിയത്. ആറുലക്ഷത്തിലധികം പേർക്ക് 15 സാധനങ്ങളുള്ള ഓണക്കിറ്റ് നൽകി.

Advertising
Advertising

പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് 5 കിലോ അരി. സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസും ഉത്സവബത്തയും വർധിപ്പിച്ചു. ഒരു ഗഡു ഡിഎ അനുവദിച്ചു. കരാർ തൊഴിലാളികളും സ്കീം തൊഴിലാളികളും ഉൾപ്പെടെയുള്ള സകല ആളുകളിലേക്കും സർക്കാരിന്റെ കരുതലെത്തി. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനുമുൾപ്പെടെ മന്ത്രിമാർക്കെല്ലാം അഭിമാനിക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേർന്ന് ഈ ഓണം ഗംഭീരമാക്കി. എന്നാൽ ഇതിനു പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകും.

സമാനതകളില്ലാത്ത നീതി നിഷേധം കേന്ദ്ര ഗവൺമെന്റിൽ നിന്നും കേരളം, സാമ്പത്തിക വിഷയത്തിൽ അനുഭവിക്കുമ്പോഴും അല്ലലില്ലാതെ സംസ്ഥാന ഖജനാവിനെ മുന്നിൽ നിന്നു നയിക്കുന്ന നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ട്. മാസങ്ങൾക്കു മുൻപ് തന്നെ ഓണത്തിന് വേണ്ടി സാമ്പത്തികമായ തയ്യാറെടുപ്പുകൾ നടത്തി എല്ലാ മേഖലയിലേക്കും അദ്ദേഹം പണം എത്തിച്ചു. നെൽ കർഷകർക്ക് നൽകേണ്ടുന്ന ബോണസിൽ 100 കോടി രൂപ ചരിത്രത്തിൽ ആദ്യമായി അഡ്വാൻസ് വരെ നൽകി. വിപണിയിൽ എല്ലാ സാധനങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം മുൻകൈയെടുത്തു. എല്ലാ വിഭാഗം ജീവനക്കാർക്കും തൊഴിലാളികൾക്കും സർക്കാരിന്റെ സഹായം എത്തുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പുവരുത്തി.

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും നൽകാനായി 100 കോടി രൂപ കൃത്യമായി സംസ്ഥാന ഖജനാവിൽ നിന്നും മാസാമാസം അനുവദിച്ചു നൽകുന്നു. അങ്ങേയറ്റം കഠിനമായ കാലത്തും കേരളം മുന്നേറുകയാണ്. റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും നാടാകെ ഉയരുകയാണ്. ഇതിനെല്ലാമുള്ള പണം കണ്ടെത്താൻ കേരളത്തിന് കഴിയുന്നു എന്നത് വിമർശകരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഓണം ഗംഭീരമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട ധനകാര്യ മന്ത്രി ശ്രീ കെ.എൻ ബാലഗോപാലിന് അഭിനന്ദനങ്ങൾ. ...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News