ന്യൂനപക്ഷ സെമിനാർ: സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കാതെ മന്ത്രി വി. അബ്ദുറഹ്മാൻ
കൊച്ചി നഗരത്തില്‍ തന്നെ മന്ത്രി ഉണ്ടായിരുന്നിട്ടും സംഘാടക സമിതിക്ക് എത്തിയില്ല
കൊച്ചി:സർക്കാർ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സെമിനാറിന്റെ സംഘാടക സമിതി യോഗത്തില്‍ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പങ്കെടുത്തില്ല. സംഘാടക സമിതിയുടെ രക്ഷാധികാരിയായ മന്ത്രി ഒരു പകല്‍ മുഴുവന്‍ കൊച്ചിയിലുണ്ടായിട്ടാണ് യോഗത്തിലേക്ക് വരാതിരുന്നത്. ക്രൈസ്തവ സംഘടനകളെ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി ഒക്ടോബർ 16നാണ് നിശ്ചയിച്ചിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വിവിധ മത - ജാതി വിഭാഗങ്ങളെ സവിശേഷമായി അഭിസംബോധന ചെയ്യുന്ന സർക്കാറിന്റെ പരിപാടികളിലൊന്നാണ് ന്യൂനപക്ഷ സെമിനാർ. പ്രധാനമായും ക്രൈസ്തവ വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയുടെ സംഘാടക സമിതി യോഗം എറണാകുളം ഗസ്റ്റ് ഹൗസിലാണ് നടന്നത്. കൊച്ചി നഗരത്തില്‍ തന്നെ മന്ത്രി ഉണ്ടായിരുന്നിട്ടും സംഘാടക സമിതിക്ക് എത്തിയില്ല.അർജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ ഒഫീഷ്യലിനൊപ്പം കലൂർ സ്റ്റേഡിയം സന്ദർശനം അടക്കമുള്ള പരിപാടികളില്‍ പങ്കെടുത്ത മന്ത്രിയാണ് തൊട്ടടുത്തുള്ള ഗസ്റ്റ് ഹൗസിലെ പരിപാടി അവഗണിച്ചത്.
മന്ത്രിക്ക് പകരം കെ.ജെ മാക്സി എംഎല്‍എ സംഘാടക സമിതി യോഗം നിയന്ത്രിച്ചു.ഫോർട്ട് കൊച്ചി വെളി കടപ്പുറത്ത് ഒക്ടോബർ 16നാണ് ന്യൂനപക്ഷ സെമിനാർ.ന്യൂനപക്ഷങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പരിപാടിയില്‍ നടക്കുക.മൂന്നു സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ മൂന്ന് പ്രബന്ധങ്ങളും അവതരിപ്പിക്കും. വിവിധ ന്യൂനപക്ഷ സംഘടനകളില്‍ നിന്നായി ആയിരം പേരെ പങ്കെടുപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.