'വിമാന കമ്പനികൾ കൊള്ള ലാഭമുണ്ടാക്കുകയായിരുന്നു'; ഹജ്ജ് യാത്രാനിരക്ക് കുറഞ്ഞതിൽ മന്ത്രി വി.അബ്ദുറഹ്മാൻ
ഇനിയും നിരക്ക് കുറക്കാൻ ശ്രമം നടത്തുമെന്നും കോഴിക്കോടിനൊപ്പം കണ്ണൂരിലെയും കൊച്ചിയിലെയും നിരക്ക് കുറഞ്ഞുവെന്നും മന്ത്രി
മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയുടെ വിമാന നിരക്ക് കുറഞ്ഞത് ആശ്വാസകരമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. ഇനിയും നിരക്ക് കുറക്കാൻ ശ്രമം നടത്തുമെന്നും കോഴിക്കോടിനൊപ്പം കണ്ണൂരിലെയും കൊച്ചിയിലെയും നിരക്ക് കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വിമാന കമ്പനികൾ കൊള്ള ലാഭമുണ്ടാക്കുകയായിരുന്നുവെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
വലിയൊരു തുക കുറഞ്ഞുവെന്നും ഇത് ഹാജിമാർക്ക് വലിയ ആശ്വാസമാകുമെന്നുമാണ് മന്ത്രി പറഞ്ഞത്. പുതിയ വിമാന കമ്പനികൾ വന്നതോടെ നല്ല മത്സരമുണ്ടായി. അതാണ് നിരക്ക് കുറയാൻ കാരണമായത്. കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന മന്ത്രിമാർ ഇടപെടൽ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
യാത്രക്ക് കോഴിക്കോട് ഉൾപ്പടെ രണ്ട് ഓപ്ഷൻ നൽകിയവർക്ക് ഇത്തവണ കരിപ്പൂർ വഴി പോകാൻ ആകുമെന്നും വരും വർഷം പഴയതുപോലെയാകാൻ കരിപ്പൂരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.