വിശ്വനാഥിന്‍റെ മരണം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

സംഭവത്തില്‍ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ചുമത്തി കേസെടുത്ത പൊലീസ് ഇന്നലെ വിശ്വനാഥന്റെ കൽപ്പറ്റയിലെ വീട്ടിലെത്തി ഭാര്യയുടെയും ബന്ധുകളുടെയും മൊഴിയെടുത്തിരുന്നു

Update: 2023-02-17 09:01 GMT

കോഴിക്കോട് ആദിവാസി യുവാവ് മർദനമേറ്റ് മരിക്കാനിടയായ സംഭവം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതിനാൽ വകുപ്പുതലത്തിൽ നടപടി ആവശ്യമില്ല. പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മർദനമേറ്റ് മരിച്ച സംഭവം കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. കളമശ്ശേരി സഹകരണ മെഡിക്കൽ കോളേജിലെ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത് അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിച്ച് തനിക്ക് നൽകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

Advertising
Advertising

അതേസമയം വിശ്വനാഥന്റെ മരണത്തിൽ കോഴിക്കോട് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം അവലോകനം ചെയ്യും. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ചുമത്തി കേസെടുത്ത പൊലീസ് ഇന്നലെ വിശ്വനാഥന്റെ കൽപ്പറ്റയിലെ വീട്ടിലെത്തി ഭാര്യയുടെയും ബന്ധുകളുടെയും മൊഴിയെടുത്തിരുന്നു. കേസിന്റെ തുടർനടപടികൾ യോഗത്തിൽ ചർച്ചയാകും. ഐ.ജി നീരജ് ഗുപ്ത അവലോകന യോഗത്തിന് നേതൃത്വം നൽകും.

യുവാവിന്റെ മരണത്തിൽ അമ്മ, ഭാര്യ, സഹോദരൻ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂറിലധികം സമയം സംഘം വിശ്വനാഥന്റെ വീട്ടിൽ ചെലവഴിച്ചു. മാനന്തവാടി മെഡിക്കൽ കോളജിൽവച്ചാണ് വിശ്വനാഥന്റെ ഭാര്യയുടെ മൊഴിയെടുത്തത്. മൃതദേഹം റീ-പോസ്റ്റ്മോട്ടം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തിന് മുന്നിലും കുടുംബം ആവർത്തിച്ചു.

അതിനിടെ, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടു. കേസിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് കാട്ടി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ ഉൾപ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് റിപ്പോർട്ടിനെ അവർ തള്ളിക്കളയുന്നു. സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷനും പൊലീസ് വകുപ്പിന്റെ റിപ്പോർട്ട് തള്ളിയതായി മാധ്യമവാർത്തകൾ കണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News