'അവൾ ബോൾഡാണ്, അങ്ങനെ ചെയ്യില്ല; സാധാരണ മരണമല്ല'

ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്.

Update: 2022-05-13 07:08 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: ഷഹനയുടേത് സാധാരണ മരണമായി കാണുന്നില്ലെന്ന് ബന്ധുക്കൾ. നാട്ടുകാരെത്തിയപ്പോൾ മൃതദേഹം സജാദിന്റെ കൈയിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും ഒന്നര വർഷമായി തടവറയിൽ ഇട്ട പോലെയായിരുന്നു ഷഹനയെന്നും സഹോദരൻ പറഞ്ഞു.

'ജനൽ കമ്പിയിൽ തൂങ്ങിമരിച്ചെന്നാണ് പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. അത്രയും ബോൾഡാണ് അവൾ. ഇങ്ങനെ ചെയ്യില്ല. പ്രശ്നമുള്ള സമയത്തെല്ലാം സജാദിന്റെ മാതാവിനെയും പിതാവിനെയും ബന്ധപ്പെട്ടിരുന്നു. ആ സമയത്തെല്ലാം ഒരു പ്രശ്നവുമില്ലെന്നാണ് ഇവർ പറഞ്ഞത്. രണ്ടുപേരും നല്ല നിലയിലാണ്, പലപ്പോഴുമുണ്ടാകുന്ന പ്രശ്നമാണ്, അത് ശരിയാകുമെന്നെല്ലാം പറഞ്ഞിരുന്നു.'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 11-ാം തിയതി വിളിച്ച് ഷഹന വിവരങ്ങൾ പറഞ്ഞിരുന്നതായി സഹോദരൻ പറയുന്നു. വീട്ടിൽ വരണമെന്നുണ്ടെന്നും എന്നാൽ അതിനു സാധിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് തിരിച്ചുവിളിച്ചു. എന്നാല്‍ സജാദ് കൂടെയുള്ളപ്പോൾ ഫോണെടുക്കില്ല. ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് വിളിച്ചു വിവരങ്ങൾ പറഞ്ഞത്. അഡ്രസ് ചോദിച്ചപ്പോൾ സജാദിനോട് ചോദിക്കാനാണ് പറഞ്ഞത്. എന്നാൽ, സജാദിനെ ബന്ധപ്പെടാനുമായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വയം മരിക്കേണ്ട അവസ്ഥ ഷഹനയ്ക്കില്ലെന്നും മറ്റൊരു ബന്ധുവും പ്രതികരിച്ചു. 'ഉറച്ചു പറയുകയാണ്, ഇതു കൊലപാതകമാണ്. ഇങ്ങനെ സ്വയം മരിക്കേണ്ട അവസ്ഥ ആ പെൺകുട്ടിക്ക് വന്നിട്ടില്ല. ജ്വല്ലറിയിൽ പരസ്യങ്ങളൊക്കെ ചെയ്യുന്ന പെൺകുട്ടിയാണ്. ഷഹനയ്ക്കും ഭർത്താവിനുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സഹോദരനെയും ഉമ്മയെയും ഇതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. എന്നെ ഇവർ കൊല്ലാൻ സാധ്യതയുണ്ട് എന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഭർത്താവിന്റെ ഭീഷണി മൂലം ഫോൺ കൊടുക്കുന്നുണ്ടായിരുന്നില്ല. ഒന്നര വർഷമായി വീടുമായി ഷഹനയ്ക്ക് ഒരു ബന്ധവുമില്ല. പെൺകുട്ടിയെ തടവറയിലിട്ട പോലെയായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാത്രിയാണ് കാസർക്കോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹനയെ (20) ചേവായൂർ പറമ്പിൽ ബസാറിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. 

ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News