ഗസ്സയിൽ മരിച്ചുവീണ കുട്ടികളുടെ പേര് വായിക്കുമ്പോൾ അവരുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു: മോഹൻ ബി മേനോൻ
ഗസ്സയിൽ യുനെസ്കോ പ്രതിനിധിയായി പ്രർത്തിച്ചിരുന്ന മലയാളിയാണ് മോഹൻ ബി. മേനോൻ
Mohan B Menon | Photo | Mediaone
കൊച്ചി: വിദ്യാഭ്യാസംകൊണ്ട് യുദ്ധത്തെ തോൽപ്പിക്കാം എന്ന് നിശ്ചയദാർഢ്യമുള്ളവരാണ് ഗസ്സയിലെ കുട്ടികളെന്ന് ഫലസ്തീനിൽ യുനെസ്‌കോ പ്രതിനിധിയായി പ്രവർത്തിച്ച മോഹൻ ബി മേനോൻ. മരിച്ചുവീണ കുട്ടികളുടെ പേരുകൾ വായിക്കുമ്പോൾ അവരുടെ മുഖം തന്റെ മനസിൽ തെളിഞ്ഞുവന്നു. 75 വർഷമായി ഗസ്സയിലുള്ളവർ ദുരിതമനുഭവിക്കുകയാണെന്നും മോഹൻ മീഡിയവണിനോട് പറഞ്ഞു.
2008 മുതൽ 2011 വരെയുള്ള കാലയളവിലാണ് ഗസ്സയിൽ പോവുകയും അവിടത്തെ കുട്ടികളുമായി സംവദിക്കുകയും ചെയ്തത്. അന്ന് അവരുടെ പേര് പറയാൻ ബുദ്ധിമുട്ടായിരുന്നു എന്നാൽ ഇപ്പോൾ അവരുടെ പേരുകൾ വായിച്ചപ്പോൾ തൊണ്ടയിടറി. ഗസ്സയിൽ എല്ലാ കാലത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്നാണ് ഇസ്രായേലിന്റെ രീതി.
തങ്ങൾ അവിടെ പോകുന്ന സമയത്ത് യുഎൻ പ്രതിനിധികളായതിനാൽ എല്ലാ സംരക്ഷണവും ഇസ്രായേൽ നൽകിയിരുന്നു. എന്നാൽ ഫലസ്തീനികളോട് പ്രത്യേക രീതിയിലാണ് പെരുമാറിയിരുന്നത്. താൻ ആഫ്രിക്കൻ രാജ്യങ്ങളിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. അവിടെയുള്ളപോലെ ആയിരുന്നില്ല ഗസ്സയിലെ കുട്ടികൾ. നന്നായി പഠിച്ചാൽ മാത്രമേ ഈ ദുരിതത്തിൽ നിന്ന് മോചനമുണ്ടാവൂ എന്ന ബോധം ഗസ്സയിലെ കുട്ടികൾക്കുണ്ടായിരുന്നുവെന്ന് മോഹൻ പറഞ്ഞു.