'ഒരു കുട്ടിയിൽ നിന്ന് 2000 മുതൽ 3500 രൂപ വരെ'; കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി പരാതി
12000 കുട്ടികളില്‍ നിന്നായി പണം പിരിച്ചുവെന്ന് പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു
കൊച്ചി: ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ കലൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി പരാതി. ഒരു കുട്ടിയിൽ നിന്ന് 2000 മുതൽ 3500 രൂപ വരെയാണ് പിരിച്ചത്. അങ്ങനെ 12000 കുട്ടികളില്‍ നിന്നായി പണം പിരിച്ചുവെന്ന് പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു.
സ്റ്റേഡിയത്തിൽ കുട്ടികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും രക്ഷിതാവ് പറഞ്ഞു. ഇതിന് പുറമേ കല്യാൺ സിൽക്ക്സ്,ജോയ് ആലുക്കാസ് തുടങ്ങി നിരവധി വ്യവസായികളുടെ പരസ്യവും ലഭിച്ചിട്ടുണ്ട്. കാഴ്ചക്കാർക്ക് 140 മുതൽ 300രൂപയുടെ വരെ ടിക്കറ്റും ആവശ്യമായിരുന്നു. മാതാപിതാക്കളെയും ടിക്കറ്റ് എടുത്താണ് അകത്ത് കയറ്റിയത്. വസ്ത്രങ്ങൾ കല്യാൺ സിൽക്സ് സ്പോൺസർ ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നതെന്നും രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു.
വയനാട് ആസ്ഥാനമായ മൃദംഗ വിഷന്‍ എന്ന സംഘടനയാണ് തമിഴ്നാടിന്‍റെ ഗിന്നസ് റെക്കോർഡ് തകർക്കാനെന്ന് പറഞ്ഞ് പതിനൊന്നായിരം വിദ്യാർഥികളില്‍ നിന്ന് 3500 രൂപ വെച്ച് പിരിച്ചത്.നാല് കോടിയിലേറെ രൂപയാണ് ഈ സംഘടന പിരിച്ചെടുത്തത്. എന്നിട്ടും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സംഘാടകർ തയ്യാറായില്ല. നടി ദിവ്യാ ഉണ്ണിയുടെയും കല്യാണ്‍ സില്‍ക്സിന്‍റെയും ജോയ് ആലുക്കാസിന്‍റെയും വിലാസം ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ പതിനായിരത്തിലധികം പേർ ഒരുമിച്ച് നൃത്തം ചെയ്യുന്ന ഗിന്നസ് റെക്കോർഡ് പരിപാടി എന്നതായിരുന്നു പരസ്യം.
അതേസമയം ഉമാ തോമസ് എംഎൽഎ പങ്കെടുത്ത പരിപാടിക്ക് സ്റ്റേജ് നിർമ്മിച്ചതിൽ സംഘാടകർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്. പരിപാടിക്ക് മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു. സംഘാടകർക്ക് നോട്ടീസ് അയക്കുമെന്നും പൊലീസ് റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പ്രതികരിച്ചു. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന രീതിയിൽ ഗ്യാലറി തുടരണമെന്ന് നിർദേശം നൽകിയിരുന്നുവെന്നും ജിസിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെയാണ് കേസ്. സ്റ്റേജ് നിർമിച്ചവരും കേസിലെ പ്രതികളാണ്. അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് എഫ്ഐആര്‍. സ്റ്റേജിനു മുന്നിൽ നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇട്ടില്ല.സുരക്ഷിതമായ കൈവരികൾ സ്ഥാപിച്ചില്ലെന്നും എഫ്ഐആർ റിപ്പോർട്ട്.