മോന്‍സനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

മോന്‍സനെതിരെ തട്ടിപ്പു കേസുകളുമായി ഇനിയും പലയാളുകൾ രംഗത്തുവരാൻ സാധ്യതയുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണക്കുകൂട്ടൽ.

Update: 2021-09-29 10:05 GMT
Editor : Suhail | By : Web Desk
Advertising

പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മോൻസനെതിരെ കൂടുതൽ പരാതികൾ. ഭൂമി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പാലാ സ്വദേശിയിൽ നിന്ന് ഒന്നേമുക്കാൽ കോടിയോളം തട്ടിയെന്നാണ് ആക്ഷേപം. വിഷ്ണുവിന്റെ വിശ്വരൂപമടക്കം മൂന്ന് ശിൽപങ്ങൾ നിർമിച്ചു നൽകിയ ആശാരിയെയും മോൻസൺ പണം നൽകാതെ വഞ്ചിച്ചു.

പാലാ സ്വദേശിയായ രാജീവ്‌ ശ്രീധരനില്‍ നിന്നും തട്ടിയെടുത്തത് ഒരു കോടി 72 ലക്ഷം രൂപയാണ്. വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാം എന്ന് വാഗ്ദാനം നൽകിയാണ് പണംതട്ടിയത്. പണം മോന്‍സനു കൈമാറിയത് സഹായി ജോഷിയുടെ അക്കൗണ്ട് വഴിയാണെന്ന് രാജീവ്‌ ശ്രീധരൻ പരാതിയിൽ പറയുന്നു. കേസെടുത്ത ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു 14 കാറുകളും മോന്‍സൺ തട്ടിയതായി രാജീവ്‌ മറ്റൊരു പരാതിയിൽ പറയുന്നു. ഈ കേസിൽ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപെടുത്തി. മോൻസന്റെ മറ്റൊരു തട്ടിപ്പുമായി തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ആശാരിയാണ് രംഗത്തെത്തിയത്. മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള മൂന്നു പ്രതിമകൾ 80 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച് നൽകിയിട്ട് 7.3 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്ന് ആശാരി പറയുന്നു.

ഈ കേസിലെ നിജസ്ഥിതി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. കോട്ടയത്തെ മറ്റൊരു വ്യവസായിയും മൊൻസന്റെ തട്ടിപ് ശ്രമം ഫേസ്ബുക്കിൽ കുറിച്ചു. 2012ൽ തന്റെ സംരംഭമായ മാംഗോ മെഡോസിൽ പണം മുടക്കാൻ തയ്യാറാണെന്നും അതിനുള്ള ചില നിയമ തടസങ്ങൾ നീക്കാൻ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് എൻ.കെ കുര്യൻ എന്ന വ്യവസായി എഫ്‌.ബി പോസ്റ്റിൽ പറയുന്നത്. സമാന തട്ടിപ്പുകളുമായി ഇനിയും പലയാളുകൾ രംഗത്തുവരാൻ സാധ്യതയുണ്ടെന്നാണു ക്രൈം ബ്രാഞ്ച് കണക്കുകൂട്ടൽ.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News