കേരളത്തില്‍ അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ്; ടിപിആറും ഉയരുന്നു

കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും

Update: 2021-08-01 01:03 GMT

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും. നാളെ ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം 20000 കടന്നിരുന്നു. 1,07,645 പേർക്കാണ് അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്കും ഉയരുകയാണ്. 12.6 ആണ് അഞ്ച് ദിവസത്തെ ശരാശരി ടിപിആർ. മലപ്പുറം ജില്ലയിൽ സ്ഥിതി ഗുരുതരമാണ്. 18268 പേർക്കാണ് അഞ്ച് ദിവസത്തിനിടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. അഞ്ച് ദിവസത്തിനിടെ സ്ഥിരീകരിച്ചത് 611 മരണമാണ്. വരും ദിവസങ്ങളിലും രോഗവ്യാപനം ഉയരാനാണ് സാധ്യതയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

Advertising
Advertising

അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലെത്തും. ഇന്നലെ കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു സന്ദർശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിന് താഴെയെത്തിക്കണമെന്നാണ് വിദഗ്ധ സംഘത്തിന്‍റെ അഭിപ്രായം. നാളെ ആരോഗ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പാക്കാനാണ് പൊലീസിന് ലഭിച്ച നിര്‍ദേശം. രാവിലെ ആറ് മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡ് വച്ച് അടക്കും. വാഹന പരിശോധനയും കര്‍ശനമാക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കും മാത്രമാകും പ്രവര്‍ത്തനാനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാല്‍ കേരളാ ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തിക്കാം. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News