കണ്ണൂർ കേളകത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ മർദിച്ച കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ
കുഞ്ഞ് മൂത്രമൊഴിക്കുന്നു എന്നത് പോലെയുള്ള ചെറിയ കാരണങ്ങൾ പറഞ്ഞായിരുന്നു മര്‍ദനം
കണ്ണൂർ കേളകത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ മർദിച്ച കേസിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. കേളകം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത് തലക്കും മുഖത്തും പരിക്കേറ്റ കുട്ടി കണ്ണൂർ മെഡി. കോളജിൽ ചികിത്സയിലാണ്.
ഇന്നുച്ചോടെയാണ് രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് അമ്മയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തത്. മര്‍ദിച്ചതിന് കൂട്ടു നിന്നെന്നാണ് അമ്മയ്ക്ക് എതിരേയുള്ള ആരോപണം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുഞ്ഞ് മർദനത്തിന് ഇരയായിരുന്നെന്നും ഇത് മറച്ചുവച്ചതിനാണ് അമ്മയ്ക്ക് എതിരേയുള്ള ആരോപണം.
ഒരു മാസം മുമ്പാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ള രണ്ടാനച്ഛനെ കുട്ടിയുടെ അമ്മ വിവാഹം കഴിക്കുന്നത്. അമ്മയുടെ ആദ്യ വിവാഹത്തിലെ മൂന്ന് കുട്ടികളിൽ ഏറ്റവും ഇളയകുട്ടിയായ ഒരു വയസുകാരിയാണ് ഇപ്പോൾ മർദനത്തിനിരയായത്. കുട്ടിയെ അമ്മയ്‌ക്കൊപ്പം കൂട്ടിയതിൽ രണ്ടാനച്ഛന് വലിയ വിരോധമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ കുഞ്ഞ് മൂത്രമൊഴിക്കുന്നു എന്നത് പോലെയുള്ള ചെറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ കുട്ടിയെ സ്ഥിരമായി മർദിക്കുമെന്നായിരുന്നു കുട്ടിയുടെ മുത്തശി നൽകിയ മൊഴി. കുഞ്ഞിന് പാൽ നൽകാൻ പോലും അനുവദിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിന് മർദനമേറ്റ വിവരം കുട്ടിയുടെ മുത്തശി അറിഞ്ഞത്. ഇതിനെ തുടർന്ന് കുഞ്ഞിനെ പേരാവൂർ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് കുഞ്ഞിന്‍റെ കൈയുടെ എല്ലിന് പൊട്ടലുണ്ടെന്ന കാര്യം പുറത്തറിയുന്നത്. കുഞ്ഞിന്റെ മുഖത്തും പുറത്തും മർദനമേറ്റ പരിക്കുകളുണ്ട്. കുഞ്ഞിന്റെ ചുണ്ട് മർദനമേറ്റ് പൊട്ടിയിരുന്നു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ രാത്രി പത്തു മണിയോടെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.