അനധികൃത സ്വത്ത് സമ്പാദനം: വിജിലൻസ് കോടതി വിധിക്കെതിരെ അജിത് കുമാർ ഹൈക്കോടതിയിലേക്ക്
സുപ്രിം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി സമർപ്പിക്കും
തിരുവനന്തപുരം:അനധികൃത സ്വത്ത്സമ്പാദന കേസിലെ വിജിലൻസ് കോടതി വിധിക്കെതിരെ എം.ആര്‍ അജിത് കുമാർ ഹൈക്കോടതിയെ സമീപിക്കും.വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെടും. സുപ്രിംകോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടും.
കോടതി ഉത്തരവ് വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.
ഹരജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചിരുന്നു. അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.
വിജിലൻസ് കോടതിയുടെ വിധി നിലനിൽക്കില്ല എന്നാകും അജിത്കുമാര്‍ ഹൈക്കോടതിയിൽ ചൂണ്ടിക്കാണിക്കുക. വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെടും. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ എം.ആർ അജിത് കുമാർ അഭിഭാഷകരുമായിനേരത്തെ ചർച്ച നടത്തിയിരുന്നു.വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിൻ്റെയും തീരുമാനം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുക.