മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; റിസോര്‍ട്ട്, ബാര്‍ ഉടമകളെ അടിയന്തിരമായി ഒഴിപ്പിക്കണം- എസ്ഡിപിഐ

‘വിദ്യാഭ്യാസ ശക്തീകരണത്തിന് വേണ്ടി ലഭിച്ച ഭൂമി കൈയേറ്റക്കാര്‍ക്ക് വിട്ട് കൊടുത്തത് ഫാറൂഖ് കോളേജിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ടാണ്. അതുകൊണ്ട് തന്നെ ഫാറൂഖ് കോളേജാണ് ഇതിൽ കുറ്റക്കാർ’

Update: 2024-11-22 10:15 GMT

കൊച്ചി : മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നും അന്യായമായി കൈവശം വച്ച റിസോര്‍ട്ട്, ബാര്‍ ഉടമകളെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്ത് അലി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള കോടതി വിധികളെല്ലാം ഭൂമി വഖഫ് തന്നെയാണെന്നാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനാൽ ദാനാധാരമാണെന്ന വാദം നിലനില്‍ക്കില്ല. പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയത് പോലെ അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാവണം. അതേസമയം, വഖഫ് ഭൂമി കൈയേറിയ റിസോര്‍ട്ട് ഉടമകളെ ഉടനെ ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

വഖഫ് അന്യാധീനപ്പെടാന്‍ കാരണം ഫാറൂഖ് കോളേജിലെ അന്നത്തെ കൈകാര്യക്കാരും ഇടനിലക്കാരായി നിന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. പോള്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുമാണ്. അഡ്വ. പോളിന്റെ മകന് ഇപ്പോള്‍ വഖഫ് ഭൂമിയില്‍ സ്ഥാപനമുണ്ട്. മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കയ്യേറ്റത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരുന്നതിന് ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയും വേണം.

വഖഫ് ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ക്ക് വഴി ഒരുക്കും എന്നത് കൊണ്ട് കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പ് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ ശക്തീകരണത്തിന് വേണ്ടി ലഭിച്ച ഭൂമി കൈയേറ്റക്കാര്‍ക്ക് വിട്ട് കൊടുത്തത് ഫാറൂഖ് കോളേജിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ടാണ്. അതുകൊണ്ട് തന്നെ ഫാറൂഖ് കോളേജ് ഇതില്‍ പ്രധാന കുറ്റക്കാരാണ്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നുള്ള വി.ഡി സതീശന്റെ നിലപാട് മുസ് ലിം സമുദായത്തോടുള്ള വഞ്ചനയാണ്. സതീശന്‍ സംസാരിക്കുന്നത് റിസോര്‍ട്ട് മുതലാളിമാര്‍ക്ക് വേണ്ടിയാണ്. കേരളത്തില്‍ ഉടനീളം വഖഫ് ഭൂമികള്‍ അപഹരിച്ചതിന് കൂട്ടുനിന്നിട്ടുള്ളത് മുസ് ലിം ലീഗാണ്. അത് ബോധ്യമുള്ളത് കൊണ്ടാണ് മുസ്‌ലിം ലീഗ് നിലപാടില്ലായ്മ തുടരുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് എന്നിവര്‍ സംബന്ധിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News