കോഴിക്കോട് എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല; ഞാൻ മേയർ സ്ഥാനാർഥി ആയിരുന്നില്ല: വി.മുസാഫർ അഹമ്മദ്
കോർപറേഷനിലെ മീഞ്ചന്ത ഡിവിഷനിൽ നിന്ന് ജനവിധി തേടിയ മുസാഫർ അഹമ്മദിനെ യുഡിഎഫിലെ എസ്.കെ അബൂബക്കറാണ് പരാജയപ്പെടുത്തിയത്
കോഴിക്കോട്: കോഴിക്കോട് എൽഡിഎഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ വി.മുസാഫർ അഹമ്മദ്. താൻ മേയർ സ്ഥാനാർഥിയായിരുന്നില്ല. ആര് മേയറാകുമെന്ന് നേരത്തെ തീരുമാനിക്കുന്ന രീതി എൽഡിഎഫിൽ ഇല്ല. അതെല്ലാം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് തീരുമാനിക്കുകയെന്നും മുസാഫർ അഹമ്മദ് പറഞ്ഞു.
തോൽവി പരിശോധിക്കും. പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് പറയാൻ താൻ ആളല്ല. തെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വം പരിശോധിക്കും. പോരായ്മകൾ പരിഹരിച്ച് മാറ്റങ്ങളും തിരുത്തലുകളും വരുത്തുമെന്നും മുസാഫർ അഹമ്മദ് പറഞ്ഞു.
കോഴിക്കോട് കോർപറേഷനിൽ സിപിഎമ്മിനെ ഞെട്ടിച്ച തോൽവിയായിരുന്ന നിലവിൽ ഡെപ്യൂട്ടി മേയറായ മുസാഫർ അഹമ്മദിന്റേത്. കോർപറേഷനിലെ 39-ാം വാർഡായ മീഞ്ചന്തയിൽ നിന്നായിരുന്നു മുസാഫർ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാർഥിയായ എസ്.കെ അബൂബക്കറാണ് ഇവിടെ വിജയിച്ചത്. 270 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബൂബക്കർ മുസാഫറിനെ തോൽപ്പിച്ചത്.