മുസ്‌ലിം ലീഗ് നേതാവ് സുലൈമാൻ ഖാലിദ് സേട്ട് അന്തരിച്ചു

വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു സുലൈമാൻ ഖാലിദ് സേട്ട്

Update: 2022-02-04 17:48 GMT
Editor : afsal137 | By : Web Desk

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്‌ലിം ലീഗ് മുൻ ദേശീയ പ്രസിഡന്റും പാർലമെന്റംഗമായിരുന്ന മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനുമായ സുലൈമാൻ ഖാലിദ് സേട്ട് (71) നിര്യാതനായി. ശ്വാസ തടസത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിലായിരുന്നു.

ബുധനാഴ്ച വീട്ടിലേക്ക് തിരിച്ച് പോകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ തുടർന്ന് കടവന്ത്രയിലെ മകളുടെ വസതിയായ ടോപാസിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വിശ്രമത്തിലിരിക്കേ രാത്രി എട്ട് മണിയോടെയായിരുന്നു മരണം. മയ്യിത്ത് രാത്രി 9 മണിയോടെ കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിന് സമീപമുള്ള ലത്തീഫ് സേട്ടിന്റെ വസതിയിലെത്തിച്ചു. ഖബറടക്കം നാളെ ഉച്ചക്ക് 3.30ന് കൊച്ചി കപ്പലണ്ടി മുക്കിലെ പടിഞ്ഞാറേ പള്ളി ഖബർ സ്ഥാനിൽ നടക്കും.

Advertising
Advertising

മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്നം ഖാലിദ്. ഏക മകൾ ഫാത്തിമ നൂറൈൻ. മരുമകൻ: ഹിഷാം ലത്തീഫ് സേട്ട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്റ, റഫിയ, ദസ്ലീൻ എന്നിവർ സഹോദരങ്ങളാണ്. കെ.എം.ഇ.എ മുൻ സംസ്ഥാന സെക്രട്ടറിയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. എറണാകുളം ജില്ലയിൽ എംഎസ്എഫ് കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സുലൈമാൻ ഖാലിദ് സംസ്ഥാനത്ത് ഉടനീളം വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ഒരു വേള പാർട്ടി വിട്ട് ഐഎൻഎല്ലിൽ പോയെങ്കിലും പിന്നീട് തിരിച്ചെത്തി മുസ്‌ലിം ലീഗിൽ സജീവമായി.

ആലുവയിൽ നടന്ന മുസ്‌ലിം ലീഗ് ജില്ലാ കൺവെൻഷനാണ് ഒടുവിൽ പങ്കെടുത്ത പൊതു പരിപാടി. മുസ്‌ലിം  ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പുനർനിർമാണ വിവരം അറിഞ്ഞ് ഏറെ സന്തോഷത്തിലായിരുന്നു അദ്ദേഹം. എംഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡന്റ്, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇൻഡസ്ട്രീസ് മുൻ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മാസികയായ ക്രസന്റിന്റെ പത്രാധിപരായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News