കുടിച്ചു മരിക്കാം ഇടിച്ചു മരിക്കാം, തീരുമാനം നിങ്ങളുടേതാണ്; മുന്നറിയിപ്പുമായി എംവിഡി

ദയവായി മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ചില മരുന്നുകളോ കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് പൂർണമായും ഉപേക്ഷിക്കുക

Update: 2024-04-17 02:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. നിരവധി അപകടങ്ങൾ നിത്യേന റോഡുകളിൽ സംഭവിക്കുന്നതിൽ 20-30 ശതമാനത്തോളം അപകടങ്ങൾക്ക് ഒരു പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചുമയ്ക്ക് കഴിക്കുന്ന വിഭാഗത്തിൽ പെട്ടതുപോലെയുള്ള മയക്കം സൃഷ്ടിച്ചേക്കാവുന്ന ചില മരുന്നുകളും മദ്യപാനത്തിന്‍റെ അതേ ദോഷവശങ്ങൾ ഡ്രൈവിങ്ങിൽ സൃഷ്ടിക്കുമെന്നും എംവിഡിയുടെ കുറിപ്പില്‍ പറയുന്നു.

എംവിഡിയുടെ കുറിപ്പ്

ശീലങ്ങൾ പലതുണ്ട്......

ഡ്രിങ്ക് & ഡ്രൈവ്,

ഡ്രിങ്ക് or ഡ്രൈവ്

ഡ്രിങ്ക് not ഡ്രൈവ്

ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്. കുടിച്ചു മരിക്കാം ഇടിച്ചു മരിക്കാം. നമ്മുടെ തെറ്റായ ഒരു തീരുമാനം കാരണം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുകയുമരുത്. മദ്യം വിഷമാണ്. മദ്യപാനം വിഷമമല്ല.

പക്ഷെ മദ്യപിച്ചാലുള്ള വിഷമതകൾക്ക് അന്തമില്ല. നമുക്കും കൂടെയുള്ളവർക്കും മറ്റുള്ളവർക്കും ഏറെ വിഷമതകൾ 'സമ്മാനിക്കു'ന്ന ഒന്നാണ് മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നത്. നിരവധി അപകടങ്ങൾ നിത്യേന റോഡുകളിൽ സംഭവിക്കുന്നതിൽ 20-30 ശതമാനത്തോളം അപകടങ്ങൾക്ക് ഒരു പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മദ്യപിച്ചാൽ ശരീരത്തിനുണ്ടാകുന്ന ഒരു മോട്ടോർക്ഷമത(Motor Ability)ക്കുറവ് അഥവാ കൈകാലുകളും കണ്ണുകളും ചലിപ്പിക്കാനും കാണാനും ഉള്ള ക്ഷമതക്കുറവ് നമുക്കറിയാവുന്ന കാര്യമാണ്. ഒപ്പം മനസ്സിനുണ്ടാവുന്ന ജാഗ്രതക്കുറവും നമുക്കനുഭവമുള്ളതാണ്. ഇതു രണ്ടും ഒരു സുരക്ഷിതഡ്രൈവിംഗിന് ഏറ്റവും അത്യന്താപേക്ഷിതമായ സംഗതികളുമാണ്. ഈ 'സംഗതി'കൾ ഇല്ലാത്ത ഡ്രൈവിംഗ് ഒരു കലയല്ല കൊലയാണ് എന്നറിയുക.

ദയവായി മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ചില മരുന്നുകളോ കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് പൂർണമായും ഉപേക്ഷിക്കുക. ചുമയ്ക്ക് കഴിക്കുന്ന വിഭാഗത്തിൽ പെട്ടതുപോലെയുള്ള മയക്കം സൃഷ്ടിച്ചേക്കാവുന്ന ചില മരുന്നുകളും മദ്യപാനത്തിന്റെ അതേ ദോഷവശങ്ങൾ ഡ്രൈവിങ്ങിൽ സൃഷ്ടിക്കും. യാത്ര നിർബന്ധമെങ്കിൽ സുരക്ഷിതമായ വിശ്വസ്തകരങ്ങളിൽ മാത്രം സാരഥ്യം ഏൽപ്പിക്കുക.തീരുമാനം നിങ്ങളുടേതാണ്. തീരുമാനം അന്തിമമായിരിക്കണം തീരുമാനം അന്ത്യമാവരുത്.....!!

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News