മീഡിയാവണിനെതിരായ മാനനഷ്ടക്കേസ്: നജീബ് കാന്തപുരം എം.എല്‍.എയുടെ ഹര്‍ജി കോടതി തളളി

സത്യസന്ധമായി വാർത്ത റിപ്പോർട്ട് ചെയ്തതിനെതിരെ മാനനഷ്ടക്കേസ് നിലനിൽക്കില്ലെന്ന മീഡിയവണിന്‍റെ വാദം ശരിവെച്ചാണ് 25 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയത്

Update: 2021-07-30 06:42 GMT
Editor : ijas
Advertising

മീഡിയാവണിന് എതിരെ മുസ്‍ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം എം.എല്‍.എ സമർപ്പിച്ച മാനനഷ്ടക്കേസ് കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതി തളളി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കൊഫപോസ ചുമത്തി ജയിലിൽ അടക്കപെട്ട കൊടുവള്ളി സ്വദേശി അബുല്ലൈസിനെ രക്ഷിക്കുന്നതിന് നജീബ് കാന്തപുരം അൻപത് ലക്ഷം രൂപ വാങ്ങി എന്ന പിതാവിന്‍റെ ആരോപണം റിപ്പോർട്ട് ചെയ്തതിനെതിരെയാണ് നജീബ് കാന്തപുരം എം.എല്‍.എ ഹര്‍ജി നൽകിയത്.

അബുല്ലൈസിൻ്റെ പിതാവ് എം.പി.സി നാസർ, വാർത്ത റിപ്പോർട്ട് ചെയ്ത മീഡിയാവൺ, ന്യൂസ് 18 ചാനലുകളുടെ എഡിറ്റർമാർ എന്നിവരിൽ നിന്നും മാനനഷ്ടത്തിന് നഷ്ടപരിഹാരമായി ഇരുപത്തി അഞ്ചു ലക്ഷം രൂപ ഈടാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തന്നെ അപകീർത്തി പെടുത്തുന്നതിന് നാസറും ചാനലുകളും പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നീ ഇടതുപക്ഷ എം.എൽ.എമാരും ഗൂഡാലോചന നടത്തി എന്നും നജീബ് വാദിച്ചു. ഹരജിക്കാരൻ്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നു കണ്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.

സത്യസന്ധമായി വാർത്ത റിപ്പോർട്ട് ചെയ്തതിനെതിരെ മാനനഷ്ടക്കേസ് നിലനിൽക്കുന്നതല്ലെന്നും തങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശം ഉപയോഗപ്പെടുത്തി മാധ്യമ ധർമ്മം മാത്രമാണ് നിർവഹിച്ചതെന്നുമായിരുന്നു മീഡിയാവണിൻ്റെ പ്രധാന വാദം. മീഡിയാവണിന് വേണ്ടി അഡ്വ.അമീൻ ഹസ്സൻ ഹാജരായി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News