‘കേഡൽ’കേരളത്തെ ഞെട്ടിച്ച പേര്; സാത്താൻ സേവയിൽ മകൻ കൊന്നു തള്ളിയത് മാതാപിതാക്കളെയടക്കം നാല് പേരെ
ആത്മാക്കൾ ആകാശത്തേക്ക് പോകുന്നത് കാണണമെന്നായിരുന്നു എന്തിന് ബന്ധുക്കളെ കൊന്നുവെന്ന ചോദ്യത്തിന് പ്രതി നൽകിയ മറുപടി
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള പ്രദേശങ്ങളിലൊന്നാണ് തലസ്ഥാനത്തെ ക്ലിഫ് ഹൗസും പരിസരപ്രദേശങ്ങളും. അവിടെയുണ്ടാകുന്ന ചെറിയ അനക്കങ്ങൾ പോലും പൊലീസിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും സർവയലൻസിനുള്ളിലാണ്.
അതിനിടയിലാണ് 2017 ഏപ്രിൽ ഒമ്പതിന് ക്ലിഫ് ഹൗസിന് സമീപത്തെ വീടുകളിലൊന്നിൽ തീപിടിച്ചുവെന്ന ഫോൺ സന്ദേശം പൊലീസിനും ഫയർഫോഴ്സിനും ലഭിക്കുന്നത്. ബെയിൻസ് കോമ്പൗണ്ടിലെ 117 -ാം നമ്പർ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ പാഞ്ഞെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ പൊലീസും ഫയർഫോഴ്സുമെത്തി. പ്രഫ.രാജാ തങ്കത്തിന്റെയും ഭാര്യ ഡോ.ജീൻ പദ്മയുടെയും വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന നാട്ടുകാരും ഉദ്യോഗസ്ഥരും കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൊലപാതകമെന്ന ഏറ്റവും വലിയ കൊടും ക്രൂരതയുടെ സാക്ഷികളാവുകയായിരുന്നു.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ. അതിന്റെ സമീപത്തായി ടാർപ്പോളിനിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം പുഴുവരിച്ച നിലയിൽ. കൊടുംക്രൂരതയുടെ കാഴ്ചകളായിരുന്നു ആ വീടിനകം.
രാജാ തങ്കത്തിനും ഭാര്യ ഡോ.ജീൻ പദ്മയ്ക്കും പുറമെ മക്കളായ കേഡൽ ജിൻസണും കരോലീനയും ബന്ധു ലളിതയുമായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. വീട്ടിനുള്ളിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒരാളുടെത് കുറവ്. കൂടുതൽ പരിശോധനയിൽ മകൻ കേഡലിനെയാണ് കാണാത്തതെന്ന് മനസിലായി. കേഡലിനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടയിലാണ് വീട്ടിൽ നിന്ന് ഒരു ഡമ്മി കണ്ടെത്തുന്നത്. മൃതദേഹം എന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കാനാണ് ആ ഡമ്മി അവിടെ സൂക്ഷിച്ചതെന്ന നിഗമനത്തിലെത്തി അന്വേഷണ സംഘം. ഇതിനൊപ്പം കേഡലിന് കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചു. അതോടെ ആ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. ആദ്യ ദിവസങ്ങളിലൊന്നും പൊലീസിന് കേഡലിലേക്കെത്താൻ കഴിഞ്ഞില്ല. പക്ഷെ മൂന്നാം നാളിൽ പൊലീസിന്റെ വലയിലേക്ക് കേഡൽ തന്നെ വന്നുകയറി.
ചെന്നൈയിലെ ഒളിവ് ജീവിതം അവസാനിപ്പിച്ച കേഡൽ കീഴടങ്ങാൻ തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങിയത് പൊലീസിന്റെ മുന്നിലായിരുന്നു. കസ്റ്റഡിയിലെടുത്തതോടെ കേഡലിന്റെ തുറന്നുപറച്ചിലുകൾ പൊലീസിനെ മാത്രമല്ല, നാട്ടുകാരെയും ഞെട്ടിച്ചു.
കാലിന് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന ചോദ്യത്തിൽ നിന്നായിരുന്നു തുടക്കം. വീടിന് തീയിട്ടപ്പോൾ പറ്റിയ അപകടമാണെന്നായിരുന്നു മറുപടി. തനിക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന മട്ടിലും ഭാവത്തിലുമായിരുന്നു പ്രതികരണങ്ങളെല്ലാം
ആത്മാക്കൾ ആകാശത്തേക്ക് ഉയർന്നുപോകുന്നത് കാണണമെന്നായിരുന്നു എന്തിന് ബന്ധുക്കളെ കൊന്നുവെന്ന ചോദ്യത്തിന് നൽകിയ മറുപടി. തുടർന്ന് പൊലീസിനൊപ്പം മാനസികാരോഗ്യ വിദഗ്ധരടക്കം ചേർന്ന് നടത്തിയ അന്വേഷണങ്ങളുമാണ് കൊടും ക്രൂരതയുടെ ചുരുളഴിച്ചത്.
അച്ഛനെയും അമ്മയെയുമടക്കം വെട്ടിക്കൊന്ന് കത്തിക്കുകയായിരുന്നു. പത്തുവർഷമായി ആരും അറിയാതെ കേഡൽ സാത്താൻ സേവ നടത്തിയിരുന്നു. ഇന്റർനെറ്റിലൂടെ ആസ്ട്രൽ പ്രൊജക്ഷനെ പറ്റി അറിഞ്ഞ കേഡൽ അത് പലരീതിയിൽ പരീക്ഷിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നും അതിന് കാരണമായത് പ്രതിക്കു മാതാപിതാക്കളോട് വിരോധമാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
കൊലപാതകം, തെളിവു നശിപ്പിക്കൽ, വീടിന് തീയിടൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. അഞ്ചാംപാതിരയെന്ന സൈക്കോ ത്രില്ലർ സിനിമയിൽ നന്തൻകോട് കൊലപാതകവും പ്രമേയമായിട്ടുണ്ട്. കേസിൽ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.