നാർക്കോട്ടിക് ജിഹാദ് ദേശീയ മാധ്യമങ്ങളിലും; ബിഷപ്പിനെ പിന്തുണച്ച സർക്കാറിന് വിമർശനം

മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി ബിഷപ്പ് വിവാദ പരാമർശം നടത്തി 12 ദിവസം കഴിഞ്ഞിട്ടും സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു

Update: 2021-09-21 07:35 GMT
Advertising

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ പരിഹരിക്കുന്നതിൽ സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാറിനെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ. പ്രശ്‌ന പരിഹാരത്തിനോ നിയമ നടപടിക്കോ സർക്കാർ രംഗത്തില്ലെന്നും കോൺഗ്രസാണ് സാമുദായിക നേതാക്കളെ കണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതെന്നും ദി ടെലഗ്രാഫ്, ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദി ഇന്ത്യൻ എക്‌സ്പ്രസ്, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, ദി ഫ്രീ പ്രസ് ജേണൽ, ദി ന്യൂസ് മിനുട്ട് തുടങ്ങിയ മാധ്യമങ്ങൾ പറയുന്നു.

മുസ്‌ലിം സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തി ബിഷപ്പ് വിവാദ പരാമർശം നടത്തി 12 ദിവസം കഴിഞ്ഞിട്ടും സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നപരിഹാരത്തിന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തുന്ന ശ്രമങ്ങൾ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാദത്തിൽ ഇടപെടാതെ, മാറിനിൽക്കുന്ന സംസ്ഥാന സർക്കാറിനെതിരെ ഇവർ ഉന്നയിച്ച വിമർശനങ്ങളും മാധ്യമങ്ങളിൽ കാണാം.

സർക്കാർ പ്രതിനിധിയായി ബിഷപ്പിനെ കണ്ട മന്ത്രി വി.എൻ വാസവനും പിന്നീട് എ.കെ ബാലനും പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും അടഞ്ഞ അധ്യായമാണെന്നും പറഞ്ഞത് രൂക്ഷമായി വിമർശിക്കപ്പെട്ടതും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇരുവിഭാഗങ്ങളുടെ നേതാക്കളെയും വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കേണ്ടത് സർക്കാറാണെന്നും അവരൊന്നും ചെയ്യുന്നില്ലെന്നുമുള്ള കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്റെ വിമർശനവും മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്നു.

എല്ലാ വിഭാഗത്തെയും വിളിച്ചുചേർത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും ഭരണം നടത്തുന്ന സി.പി.എമ്മിന് വിഷയത്തിൽ നിലപാടില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയും വാർത്തിലുണ്ട്.

പ്രശ്‌നം വഷളാകാൻ സംസ്ഥാന സർക്കാർ കാത്തിരിക്കുന്നത് പോലെയാണ് തോന്നുകയെന്ന വി.ഡി സതീശന്റെ പ്രസ്താവന ഹിന്ദുസ്ഥാൻ ടൈംസിൽ കാണാം.

പ്രശ്‌നത്തിൽ സർക്കാർ സ്വീകരിച്ച നിലപാടും ബിഷപ്പിനെ സന്ദർശിച്ച് ക്ലിൻ ചിറ്റ് നൽകിയ മന്ത്രി വി.എൻ വാസവന്റെ നടപടിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം വിമർശിച്ചതും സുപ്രഭാതം ലേഖനം പ്രസിദ്ധീകരിച്ചതും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. വിവാദ ബിഷപ്പിനെ സന്ദർശിച്ച് 'ഹല്ലേലൂയ' പാടിയത് സർക്കാർ നിലപാടണോയെന്ന് ലേഖനത്തിൽ ചോദിച്ചതും വാർത്തയിലുണ്ട്.

ദി ടൈംസ് ഓഫ് ഇന്ത്യയും സർക്കാർ നിലപാടിനെതിരെ സമസ്ത രംഗത്ത് വന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവാദ പ്രസ്താവനയും തുടർന്നുണ്ടായ സോഷ്യൽമീഡിയ കാമ്പയിനുകളും സർക്കാർ കാണുന്നില്ലേയെന്ന് വി.ഡി സതീശന്റെ പ്രസ്താവന ദി ഇന്ത്യൻ എക്‌സ്പ്രസിൽ കാണാം. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസും സമാന വാർത്ത റിപ്പോർട്ട് ചെയ്തിടുണ്ട്. വിവാദത്തിൽ സംസ്ഥാന സർക്കാർ നിസ്സംഗ മനോഭാവം പുലർത്തുന്നതും ഇതിന്റെ പേരിൽ കോൺഗ്രസ് വിമർശനമുന്നയിച്ചതും പത്രത്തിൽ വായിക്കാം.

സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന കാര്യം തലക്കെട്ടിൽ ഉൾപ്പെടുത്തിയാണ് ദി ന്യൂസ് മിനുട്ടിലെ വാർത്ത. ബിഷപ്പിനെതിരെ സർക്കാർ നിയമനടപടി ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ സമുദായങ്ങൾ സൗഹാർദത്തോടെ നിലകൊള്ളണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന കോൺഗ്രസ് ആവശ്യമാണ് ദി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പാലാ ബിഷപ്പിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ച ബി.ജെ.പി ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ സി.പി.എമ്മിനെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി അവർ തമ്മിൽ ബന്ധമുണ്ടെന്ന് ആക്ഷേപിക്കുന്നതും ദി ഫ്രീ പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ രണ്ടു പ്രധാന സമുദായങ്ങൾക്കിടയിൽ കാലുഷ്യം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് ബിഷപ്പിന്റെ വിവാദപ്രസംഗം. കോൺഗ്രസ് ഇരുസമുദായത്തിലെയും നേതാക്കളെയും സന്ദർശിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നപരിഹരിക്കപ്പെടണമെങ്കിൽ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്നാണ് മുസ്‌ലിം നേതാക്കൾ ആവശ്യപ്പെടുന്നത്. ക്രൈസ്തവ, മുസ്‌ലിം നേതാക്കളിൽ ചിലർ ഒരുമിച്ചുകൂടിയതും സമാധാനത്തിന് ആഹ്വാനം ചെയ്തതും വിവിധ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു തരത്തിലുള്ള വിവാദവും സംഭവിക്കാത്ത മട്ടിലുള്ള സർക്കാർ നിലപാട് ചൂണ്ടിക്കാണിക്കുകയാണ് മാധ്യമങ്ങൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News