സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ ദേശീയപാതയും; നിർമാണത്തിലെ വീഴ്ച സർക്കാരിനുമേൽ കെട്ടി വെക്കാനുള്ള ശ്രമം പരിഹാസ്യമെന്ന് മുഖ്യമന്ത്രി

2016ൽ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ദേശീയപാത പദ്ധതിയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് പിണറായി സർക്കാരിന്റെ നേട്ടം കൊണ്ടാണെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു

Update: 2025-05-23 15:00 GMT

Pinarayi Vijayan | Photo | Special Arragement

തിരുവനന്തപുരം: ദേശീയപാതയുടെ നിർമാണത്തിലുണ്ടായ അപാകതകൾ സർക്കാരിന്റെ വീഴ്ചയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി. സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 ൽ ദേശീയപാതാ അതോറിറ്റി കേരളം വിട്ടു പോയിരുന്നു. നിർഭാഗ്യകരമായ സമീപനമാണ് യുഡിഎഫ് സർക്കാർ അന്ന് സ്വീകരിച്ചത്. നാഷണൽ ഹൈവേക്കായി സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് 5600 കോടി രൂപ ചിലവാകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയായപ്പോൾ അതുമായി ബന്ധപ്പെട്ട് ചില വീഴ്ചകൾ ഉണ്ടായത് സർക്കാരിന്റേതാണെന്ന രീതിയിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണ് ഇതിനു ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

Advertising
Advertising

നിർമാണത്തിൽ ഉണ്ടായ വീഴ്ച നാഷണൽ ഹൈവേ അതോറിറ്റി പരിശോധിക്കും. ഏതെങ്കിലും സ്ഥലത്ത് നിർമ്മാണത്തിൽ വീഴ്ചയുണ്ടായി എന്ന് കരുതി ദേശീയ പാത ആകെ ഇല്ലാതാകും എന്നാരും കരുതേണ്ട. സംഭവങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കും.ഇതോടെ നാഷണൽ ഹൈവേ നിർമ്മാണം അവസാനിക്കുമെന്ന് ആരും മനപായസം ഉണ്ണണ്ട എന്നും പിണറായി വ്യക്തമാക്കി.

അതേസമയം സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ ദേശീയപാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ പാത വികസനം പിണറായി സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടിയാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. 2016ൽ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ദേശീയപാത പദ്ധതിയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് പിണറായി സർക്കാരിന്റെ നേട്ടം കൊണ്ടാണെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു . ഭൂമി ഏറ്റെടുക്കലിന്റെ വിഹിതമായി 5580.74 കോടി സംസ്ഥാനം ദേശീയ പാത അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനം അമിതമായി സാമ്പത്തിക ഭാരം വഹിക്കേണ്ടി വന്നാലും ദേശീയ പാത വികസനവുമയി മുന്നോട്ട് പോകുമെന്നും പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 328 പേജുള്ള പ്രോഗസ് റിപ്പോർട്ടാണ് വാർഷികാഘോഷ സമാപന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News