വെടിയുണ്ട തങ്ങളുടേതല്ലെന്ന് നാവികസേന; അന്വേഷണം നടത്തുമെന്ന് പൊലീസ്

രക്ഷപെട്ടത് ഭാ​ഗ്യം കൊണ്ടാണെന്ന് സെബാസ്റ്റ്യൻ പ്രതികരിച്ചു. വെടിയേറ്റ്താൻ മറിഞ്ഞുവീണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.

Update: 2022-09-07 12:20 GMT

ഫോർട്ട് കൊച്ചി: നേവി ക്വാർട്ടേഴ്‌സിന് സമീപം മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി നാവിക സേന. വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് നാവികസേനയുടെ വാദം.

അത് സൈന്യം ഉപയോ​ഗിക്കുന്ന വെടിയുണ്ട അല്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും സേന പറയുന്നു. നാവികസേനയുടെ വെടിയുണ്ട കുറച്ചുകൂടി വലുതാണെന്നും ഇത് ചെറുതാണെന്നും സേന പറയുന്നു. ആശുപത്രിയിലെത്തി വെടിയുണ്ട പരിശോധിച്ച ശേഷമാണ് നാവികസേനയുടെ വിശദീകരണം.

എന്നാൽ നാവികസേനയുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റതാവാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എ.സി.പി പ്രതികരിച്ചു. അതേസമയം, വിശദമായ അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

Advertising
Advertising

സാധാരണഗതിയിൽ പരിശീലനം നടത്തുകയാണെങ്കിൽ നാവികസേനയുടെ അറിയിപ്പ് ഉണ്ടാകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും എത്താത്തതിനാൽ സംഭവത്തിൽ എത്രയും വേഗം അന്വേഷണം തുടങ്ങണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ചെവിക്ക് വെടിയേറ്റ ഇദ്ദേഹത്തെ ഫോർട്ട് കൊച്ചി ​ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപെട്ടത് ഭാ​ഗ്യം കൊണ്ടാണെന്ന് സെബാസ്റ്റ്യൻ പ്രതികരിച്ചു. വെടിയേറ്റ് താൻ മറിഞ്ഞുവീണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.

വള്ളത്തിൽ നിൽക്കുമ്പോഴാണ് വെടിയേറ്റത്. ചെവിക്ക് അഞ്ച് തുന്നലുണ്ട്. ദൈവസഹായം കൊണ്ടാണ് രക്ഷപ്പെട്ടത്. നേവിയുടെ വെടിവെപ്പ് പരിശീലനത്തെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും സെബാസ്റ്റ്യൻ വിശദമാക്കി.

ഉച്ചക്ക് 12ഓടെ നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വച്ചായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.

ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാണെന്ന് അറിയുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News