പുതു പുലരി പുറന്നു; ഇനി പുതിയ പ്രതീക്ഷകള്‍, പുതുവര്‍ഷം ആഘോഷിച്ച് ലോകം
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതുവർഷം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്
കോഴിക്കോട്: പുതുവത്സര ആഘോഷിച്ച് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യം പിറന്നത്. തൊട്ടുപിറകെ ന്യൂസിലൻഡും ആസ്ത്രേലിയയും പുതുവർഷത്തെ വരവേറ്റു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതുവർഷം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്.
ഇന്നലെ ഇന്ത്യൻ സമയം 3.30 നാണ് ലോകം പുതുവർഷത്തിന്‍റെ ആദ്യനിമിഷങ്ങളിലേക്ക് കടന്നത്. പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, കിരിബാത്തി എന്നിവിടങ്ങളിലാണ് ആദ്യം പുതുവർഷം പിറന്നത് .തൊട്ടുപിറകെ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും പുതുവർഷത്തെ വരവേറ്റു . ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലും പുതുവർഷത്തെ വലിയ ആഘോഷത്തോടെ ജനം വരവേറ്റു. ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. ഏറ്റവുമൊടുവിൽ മധ്യപസഫിക്ക് സമുദ്രത്തിലെ ബേക്കേഴ്സ് ദ്വീപിലാണ് പുതുവത്സരമെത്തുക. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 4.30 നാണ് ബേക്കഴ്സ് ദ്വീപ് 2024 ലേക്ക് കടക്കുക.
യുദ്ധഭീകരതയും അധിനിവേശങ്ങളും കണ്ട വർഷം. ഗസ്സയിലെ ജനങ്ങൾക്ക് കഴിഞ്ഞ് പോയത് അനീതിയുടെ വർഷം. സമാധാനത്തിലേക്ക് ലോകം ഉറ്റുനോക്കുന്ന പുതുവർഷംമാണ് ഇനി മുന്നിൽ. പോയ വർഷത്തെ സുഖദുഖങ്ങൾക്ക് വിട..ലോകം പ്രതീക്ഷയുടെ പുതുപുലരിയിലേക്ക്..
കൊച്ചിയില്‍ കൂറ്റന്‍ പപ്പാഞ്ഞി എരിഞ്ഞമര്‍ന്നു; പ്രതീക്ഷയുടെ പുതുപുലരി പിറന്നു
കൊച്ചി: ആഘോഷങ്ങളുടെ ആരവങ്ങളുമായി പുതുവർഷം പുലർന്നു.ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ കൂറ്റൻ പപ്പാഞ്ഞി എരിഞ്ഞമർന്നപ്പോൾ തീ നാളങ്ങളിൽ ഉയർന്നത് പ്രതീക്ഷയുടെ പുതുപുലരി.പതിനായിരങ്ങളാണ് ഇത്തവണയും ഫോർട്ടുകൊച്ചി മൈതാനത്തേക്ക് ഒഴുകിയെത്തിയത്.കൊച്ചി നഗരത്തിലും പുതുവത്സരാഘോഷങ്ങൾ നടന്നു.
തിങ്ങി നിറഞ്ഞ പുരുഷാരം കാത്തിരിപ്പിൻ്റെ ഒരോ നിമിഷവും ആവേശമാക്കിയപ്പോൾ രാത്രി 11.55 മുതൽ പുതുവർഷത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങി. എല്ലാ കണ്ണുകളും 80 അടി ഉയരമുള്ള കൂറ്റൻ പപ്പാഞ്ഞിയിലേക്ക്.കൃത്യം 12 മണിക്ക് ലൈറ്റുകൾ ഓഫ് ആയി . പപ്പാഞ്ഞിയിലേക്ക് പകർന്ന തീനാളങ്ങൾ തിങ്ങിനിറഞ്ഞ ജനങ്ങളുടെ സിരകളിലേക്ക് പടർന്നപ്പോൾ ഹാപ്പി ന്യൂ ഇയർ വിളികൾ നിറഞ്ഞു. പപ്പാഞ്ഞി എരിഞ്ഞടങ്ങിയപ്പോൾ 2023 ൻ്റെ നല്ലതും ചീത്തയുമായ ഓർമ്മകളെല്ലാം എരിഞ്ഞടങ്ങി. പ്രതീക്ഷകളുടെ 2024 പിറന്നു.
കഴിഞ്ഞ തവണത്തെ നിയന്ത്രണാതീതമായ തിരക്ക് കണക്കിലെടുത്ത് മുൻ കരുതലായി ഫോർട്ടുകൊച്ചിയിൽ മാത്രം ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. വൈകീട്ട് നാലു മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ തുടങ്ങി.ഞായറാഴ്ചയായതിനാൽ പുതുവത്സരാഘോഷങ്ങൾക്ക് കൊച്ചിയിലേക്ക് ജനം ഒഴുകിയെത്തി. വെളി മൈതാനത്തും കൂറ്റൻ പപ്പാഞ്ഞിയെ ഒരുക്കിയിരുന്നു.സംഗീത പരിപാടികളും ഇതോടൊപ്പമുണ്ടായിരുന്നു. ഫോർട്ടുകൊച്ചിക്കൊപ്പം പുതുവൈപ്പിനിലും കൊച്ചി നഗരത്തിലും കോർപറേഷനും ജില്ലാ ഭരണകൂടവും പ്രത്യേകമായി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു .ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മറൈൻ ഡ്രൈവിലും പരിസരത്തും ഇലുമിനേറ്റഡ് ജോയ്, സ്പ്രെഡിംഗ് ഹാർമണി' എന്ന പേരിൽ വർണ വിളക്കുകകളുടെ വിസ്മയമൊരുക്കിയാണ് പുതുവർഷത്തെ സ്വീകരിച്ചത്.
ആടിയും പാടിയും പുതുവത്സരത്തെ വരവേറ്റ് കോഴിക്കോട്ടുകാര്‍
കോഴിക്കോട്: ആടിയും പാടിയും പടക്കം പൊട്ടിച്ചുമാണ് കോഴിക്കോട്ടുകാർ പുതുവത്സരത്തെ വരവേൽറ്റത്... കോഴിക്കോട് കടപ്പുറത്തും മാനഞ്ചിറയിലുമായി ഒത്തുചേർന്ന ആയിരങ്ങൾ പുതുവത്സര രാവ് ആഘോഷമാക്കി... മുൻ വർഷങ്ങളിലേതുപോലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശക്തമായ പൊലീസ് കാവലിലായിരുന്നു കോഴിക്കോട് നഗരം.
അതിജീവനത്തിന്‍റെ ആഘോഷമായിരുന്നു കോഴിക്കോട്ടുകാർക്ക് ഈ പുതുവത്സര രാവ്... ജില്ലയെ പൂർണമായും മുൾമുനയിൽ നിർത്തിയ നിപ്പയുടെ സാന്നിധ്യമടക്കമുള്ള നിരവധി പ്രതിസന്ധികൾ... 2023 ൽ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും കൂട്ടായി പൊറുതിതോൽപ്പിച്ച ജനത നഗര ഹൃദയത്തിൽ ഒത്തു ചേർന്നു.
കോഴിക്കോട് കടപ്പുറം, മാനാഞ്ചിറ മൈതാനം എന്നിവടങ്ങളായിരുന്നു പ്രധാന ആഘോഷ കേന്ദ്രങ്ങൾ... അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസിന്‍റെ ശക്തമായ സുരക്ഷാ വലയം...കുടുംബങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ആയിരങ്ങളാണ് ഓരോ ഇടങ്ങളും ആഘോഷമാക്കിയത്. സമീപ ജില്ലകളിൽനിന്നടക്കം പുതുവത്സരാഘോഷത്തിനായി ആയിരങ്ങൾ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തി... പടക്കം പൊട്ടിച്ചും ആടിയും പാടിയും 2024 നെ വരവേറ്റു. പുതുവർഷം സന്തോഷത്തിന്‍റെയും അഭിവൃദ്ധിയുടെയും ആകുമെന്ന പ്രത്യാശയാണ് ഈ ആഘോഷം .
പുതുവത്സരത്തെ ആവേശപൂർവ്വം വരവേറ്റു തിരുവനന്തപുരവും
തിരുവനന്തപുരം: പുതുവത്സരത്തെ ആവേശപൂർവ്വം വരവേറ്റു തിരുവനന്തപുരവും. പുത്തൻ പ്രതീക്ഷകളുമായി 2024 പിറന്നപ്പോൾ തലസ്ഥാനത്തും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. മാനവീയ വീതിയിലും കോവളത്തുമായിരുന്നു തലസ്ഥാനത്തെ പ്രധാന ആഘോഷ പരിപാടികൾ.
ആകാശം മുട്ടുന്ന ആവേശത്തോടെയാണ് തലസ്ഥാനം പുതുവർഷത്തെ വരവേറ്റത്. കോവളത്തും മാനവയും വീതിയിലും ആവേശം പൊട്ടിയൊഴുകി. സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയ വസന്തോത്സവം ആയിരുന്നു തലസ്ഥാനത്തെ ആഘോഷങ്ങളുടെ മറ്റൊരു കേന്ദ്രം. ദീപാലങ്കാരങ്ങളും പുഷ്പോത്സവവും കാണാൻ വൈകുന്നേരം തന്നെ ആളുകൾ എത്തിത്തുടങ്ങി. രാത്രിയായപ്പോഴേക്കും വൻതിരക്കനുഭവപ്പെട്ടു. നിശാഗന്ധിയിൽ പ്രത്യേക കല പരിപാടികൾ ഉണ്ടായിരുന്നു.
വിദേശികൾ അടക്കമുള്ളവർ കോവളത്തെ പുതുവത്സരാഘോഷത്തിന് ഭാഗമായി. മുൻ വർഷങ്ങൾ ഇല്ലാത്തത്ര വർണ്ണാഭമായിരുന്നു ആഘോഷങ്ങൾ. കനത്ത സുരക്ഷയിലായിരുന്നു മാനവീയം വീഥിയിലെ ആഘോഷങ്ങൾ. നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ആളുകൾ വീഥിയിലേക്ക് ഇരച്ച് എത്തി. പാട്ടുപാടിയും നൃത്തം ചെയ്തു പുതുവർഷത്തെ വരവേറ്റു. പുത്തൻ പ്രതീക്ഷകളുമായാണ് തലസ്ഥാനം നഗരി 2024 കടക്കുന്നത്.