നിളയുടെ നാവിൻ തുമ്പിൽ ആദ്യാക്ഷരം കുറിച്ചു 'ഗസ്സ'; തുടർന്നെഴുതി 'ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക'
'ഈ രണ്ടാം വയസിൽ മകൾക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യാക്ഷരത്തെ കുറിച്ച് അഭിമാനിക്കട്ടെ,വാനോളം' പിതാവ് പറയുന്നു
Photo|Special Arrangement
കാസർകോട്: ആദ്യമായി അക്ഷരത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നവരെല്ലാം ആദ്യമെഴുതാറ് അമ്മയെന്നാകും. എന്നാൽ ഈ വിദ്യാരംഭത്തിൽ കാസർകോട് നിന്നുള്ള ഒരു പിതാവ് തന്റെ മകൾക്ക് ആദ്യമായി കുറിച്ചുനൽകിയത് മറ്റൊന്നാണ്. ഫലസ്തീനിൽ പിടഞ്ഞുമരിക്കുന്ന, വിശന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളെ കണ്ടുനിൽക്കെ ഒരു പിതാവ് തന്റെ പൊന്നോമനയുടെ നാവിൽ മറ്റെന്തെഴുതാനാണ്. അങ്ങനെ നിളയുടെ നാവിൻ തുമ്പിൽ ആദ്യമായെഴുതി 'ഗസ്സ'.
കാസർകോട് കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷാണ് തന്റെ രണ്ടുവയസ്സുകാരി നിള ലക്ഷ്മിക്ക് ഗസ്സ എന്ന് ആദ്യാക്ഷരം കുറിച്ചത്. മാതാവ് രേഷ്മയും മൂത്തമകൾ വൈഗ ലക്ഷ്മിയും ഇതിന് സാക്ഷികളായി. രാവിലെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ്. കുഞ്ഞുകൈ കൊണ്ട് നിള ആദ്യമെഴുതിയതും ഫലസ്തീനുവേണ്ടി - 'ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക'.
കുഞ്ഞുങ്ങൾ പട്ടിണികിടന്നും ബോംബുപൊട്ടിയും കൊല്ലപ്പെടുമ്പോൾ, അവളുടെ കുഞ്ഞുകൈ കൊണ്ട് മറ്റൊന്നും എഴുതിക്കാൻ തനിക്ക് സാധിക്കില്ലായിരുന്നുവെന്ന് പ്രിയേഷ് പറഞ്ഞു. 'അക്ഷരമെന്നത് സമരത്തിന്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസിൽ മകൾക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യാക്ഷരത്തെ കുറിച്ചോർത്ത് അഭിമാനിക്കട്ടെ,വാനോളം' പിതാവ് പറയുന്നു.
ആവിക്കര സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചാരിറ്റി സാമൂഹിക പ്രവർത്തകനുമാണ് പ്രിയേഷ്.