എൻ.ഐ.ടി പ്രൊഫസറുടെ ഗോഡ്‌സെ പ്രശംസയിൽ മൊഴിയെടുത്തു; അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് പൊലീസ്
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്.
കോഴിക്കോട്: ഗോഡ്‌സെയെ പുകഴ്ത്തി ഫേസ്ബുക്ക് കമന്റിട്ട എന്‍.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന്റെ ഇന്നത്തെ മൊഴിയെടുക്കൽ പൂർത്തിയായി. ചൊവ്വാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകണം.
ഷൈജ ആണ്ടവന്റെ വീട്ടിലെത്തിയാണ് കുന്ദമംഗലം പൊലീസ് മൊഴിയെടുത്തത്. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കുന്ദമംഗലം പൊലീസ് ഷൈജ ആണ്ടവനെ ചോദ്യം ചെയ്തത്. ഗോഡ്സെ അഭിമാനമെന്ന കമന്‍റ് സംബന്ധിച്ച് അധ്യാപികയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. കുന്ദമംഗലം സിഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
എസ്എഫ്ഐ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് ഷൈജയ്ക്കെതിരെ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നത്. എന്നിട്ടും വൈകിയാണ് ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് കടന്നത്.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്.
'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തത് ഷൈജക്കെതിരെ കേസെടുത്തിരുന്നു.