റൂട്ട് മാറ്റത്തിനൊപ്പവും സമയമാറ്റവും; യാത്രക്കാരെ നെട്ടോട്ടമോടിച്ച് നിസാമുദ്ദീന്‍ സൂപ്പർഫാസ്റ്റ്
പാലക്കാട്- കോയമ്പത്തൂർ വഴിയാണ് പോകുകയെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് പഴയ റൂട്ടിൽ തന്നെ പോകാൻ തീരുമാനിച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്
കോഴിക്കോട്: കോഴിക്കോട് വഴി ഡൽഹിയിലേക്ക് പോകേണ്ട നിസ്സാമുദ്ദീന്‍ എക്സ്പ്രസിന്‍റെ റൂട്ട് മാറ്റത്തിൽ നട്ടം തിരിഞ്ഞ് യാത്രക്കാർ. പാലക്കാട്- കോയമ്പത്തൂർ വഴിയാണ് പോകുകയെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് പഴയ റൂട്ടിൽ തന്നെ പോകാൻ തീരുമാനിച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
ഇന്നലെ രാവിലെയാണ് കൊങ്കൺ പാതയിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വഴിതിരിച്ചു വിടുമെന്ന റെയിൽവെയുടെ അറിയിപ്പ് ലഭിച്ചത് . കോഴിക്കോട് വഴി ഡൽഹിയിലേക്ക് പോകേണ്ട നിസ്സാമുദ്ദീന്‍ എക്സ്പ്രസും പാലക്കാട്- കോയമ്പത്തൂർ വഴി പോകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വൈകുന്നേരം 7.30 ഓടെ ട്രെയിൻ പഴയ റൂട്ടിലൂടെയാണ് പോകുകയെന്ന അറിയിപ്പ് ലഭിച്ചു. പാലക്കാടേക്ക് പോയ യാത്രക്കാർ കുടുങ്ങി. പാതി വഴിയിലെത്തിയവർ തിരിച്ചുപോകേണ്ടി വന്നു.
രാത്രി 11 മണിയോടെ പരിഹാരവുമായി റെയിൽവേ തന്നെ രംഗത്തെത്തി. പാലക്കാട് നിന്നും ഒറ്റപ്പാലത്തു നിന്നും യാത്രക്കാരെ മറ്റൊരു ട്രെയിനിൽ ഷൊർണൂർ എത്തിച്ച് യാത്ര തിരിച്ചു. പത്തരയ്ക്ക് എത്തേണ്ട ട്രെയിൻ പന്ത്രണ്ടരയോടെയാണ് കോഴിക്കോട് എത്തിയത്.