ആര്‍എസ്എസ് ശാഖയിലെ പീഡനത്തെതുടര്‍ന്ന് യുവാവിന്‍റെ ആത്മഹത്യ; പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് തട്ടിക്കളിച്ച് പൊലീസ്
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് പ്രവർത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു
കോട്ടയം: ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് പ്രവർത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് എഫ്ഐആറ്‍ രജിസ്റ്റർ ചെയ്തത്. എന്നാൽ കേസ് കോട്ടയം പൊൻകുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂർ പൊലീസിന്റെ പ്രതികരണം . എന്നാൽ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊൻകുന്നം പൊലീസ് പറയുന്നത്.
കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരൻ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു.
താൻ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയിൽ പങ്കുവെച്ചിരുന്നു. ആർഎസ്എസ് കാമ്പുകളിൽ നടക്കുന്നത് ടോർച്ചറിങ് ആണെന്നും നിതീഷ് മുരളീധരൻ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂൾ ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു. പ്രതി ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനായി നാട്ടിൽ നല്ലപേര് പറഞ്ഞു നടക്കുന്നതായും താൻ വലിയ വിഷാദത്തിലേക്ക് കടന്നതായും വിഡിയോയിലുണ്ടായിരുന്നു.