തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചു.കേരളം, തമിഴ്നാട്,പുതുച്ചേരി സംസ്ഥാനങ്ങിൽ ഒറ്റഘട്ടമായിരിക്കും വോട്ടെടുപ്പ്. ബംഗാളില്‍ നാലോ അഞ്ചോ ഘട്ടമായി നടക്കും.
അതേസമയം, തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ എത്തിനില്‍ക്കുമ്പോഴും മുതിർന്ന നേതാക്കളുടെപിടിവാശിയിൽ വലഞ്ഞ് കോൺഗ്രസ്.
സ്ഥാനാർഥിത്വത്തിൽ അതൃപ്തി തുടരുകയാണ് കെ.സുധാകരൻ. കണ്ണൂരിൽ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്ത സുധാകരൻ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കട്ടെയെന്ന് പ്രതികരിച്ചു. സന്തത സഹചാരിയായിരുന്ന കാപ്പാടാൻ രമേശന്റെ കുടുംബത്തിന് നിർമ്മിച്ചുനൽകിയ വീടുകൈമാറ്റ ചടങ്ങിൽ കെ.സുധാകരൻ വിതുമ്പി. കണ്ണൂരിൽ ഉണ്ടായിരുന്നിട്ടും കെപിസിസി പ്രസിഡന്‍റ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടാൽ കടുത്ത നിലപാട് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സുധാകരനെന്നാണ് സൂചന.
അതേസമയം, കെ.സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. സുധാകരൻ നാളെ ഡൽഹിക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ പ്രശ്നങ്ങളില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ എന്നിട്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കാം. ലീഗുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
അതിനിടെ, തിരുവമ്പാടി സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് മുസ്‍ലിം ലീഗ്. പട്ടാമ്പി പകരം നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗിന്‍റെ നിലപാട്. പുനലൂരിന് പകരം ചടയമംഗലം സീറ്റ് വെച്ചുമാറുന്നതിലാണ് ലീഗിന് താത്പര്യം. കോങ്ങാട് സീറ്റിന് പകരം നല്‍കുന്ന സീറ്റിന്‍റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.
സുരക്ഷിത സീറ്റിനായി കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് മുൻ മന്ത്രി കൂടിയായ വി.എസ് ശിവകുമാർ.പാറാശാല നൽകാമെന്ന് ദീപാദാസ് മുൻഷി അറിയിച്ചെങ്കിലും വഴങ്ങിയില്ല.തിരുവനന്തപുരമോ അരുവിക്കരയോ വേണമെന്നാണ് ശിവകുമാറിന്റെ നിലപാട്. കിട്ടിയില്ലെങ്കിൽ മറ്റ് വഴി നോക്കുമെന്ന് ഭീഷണയും മുഴക്കി.അതേസമയം, ശിവകുമാർ ബിജെപി നേത്യത്വവുമായി ചർച്ച നടത്തിയതായി കോൺഗ്രസിന് സംശയവുമുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചാൽ തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎമ്മും സിപിഐയും.സിപിഎം അഞ്ചുമണിക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം, തൃശൂരിൽ ചേരുന്ന ആർജെഡി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് കെ.പി മോഹനൻ വിട്ടുനിന്നു.
സംസ്ഥാന പ്രസിഡൻറ് ശ്രേയസ് കുമാറിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ചേരുന്ന യോഗത്തിൽ മുന്നണി മാറ്റമാണ് പ്രധാന അജണ്ട.