എൽ.ഡി.എഫുമായി കൈക്കോര്‍ത്ത് ലീഗ്; തൃക്കാക്കര വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി

മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ രാജി ആവശ്യം തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി തള്ളിയിരുന്നു

Update: 2023-07-15 09:22 GMT
Editor : Shaheer | By : Web Desk

കൊച്ചി: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽ.ഡി.എഫ് അവതരിപ്പിച്ച പ്രമേയം ലീഗ് പിന്തുണയോടെയാണ് പാസായത്. നേരത്തെ, ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ഇബ്രാഹിംകുട്ടി രാജിക്കു കൂട്ടാക്കിയിരുന്നില്ല.

ലീഗ് നേതാവായ ഇബ്രാഹിംകുട്ടിക്കെതിരെ അഴിമതി ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വോട്ടെടുപ്പിൽ ആകെ 43 കൗൺസിലർമാരിൽ 23 പേരാണ് പങ്കെടുത്തത്. അവിശ്വാസം പാസാകാൻ 21 പേരുടെ പിന്തുണയാണു വേണ്ടിയിരുന്നത്. മൂന്ന് മുസ്‌ലിം ലീഗ് അംഗങ്ങൾകൂടി പ്രമേയത്തെ പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയായിരുന്നു. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ട് ചെയ്തതെന്നാണ് വിശദീകരണം.

Advertising
Advertising

മുസ്‌ലിം ലീഗിലെ ധാരണപ്രകാരം ഇബ്രാഹിംകുട്ടി രാജിവച്ച് മറ്റൊരു അംഗത്തിന് അവസരമൊരുക്കേണ്ടതാണെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുള്ള അവിശ്വാസത്തെ നേരിട്ട ശേഷം രാജിവയ്ക്കാമെന്നാണ് ഇബ്രാഹിംകുട്ടി വ്യക്തമാക്കിയത്. ഇതോടെ, യു.ഡി.എഫിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനായി സംസ്ഥാന നേതൃത്വം ഇബ്രാഹിംകുട്ടിയുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജിവയ്ക്കണമെന്നായിരുന്നു ലീഗ് നിർദേശമുണ്ടായിരുന്നത്. മുസ്ലിം ലീഗിലെ നേരത്തെയുള്ള ധാരണപ്രകാരം ഇബ്രാഹിംകുട്ടി രാജിവയ്ക്കാതെ വന്നതോടെയാണ് നേതൃത്വം ഇടപെട്ടത്. ലീഗ് എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എം അബ്ദുൽ മജീദ് ആണ് നിർദേശം നൽകിയത്.

തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആദ്യ രണ്ടര വർഷം എ.എ ഇബ്രാഹിംകുട്ടിക്കും അടുത്ത ഒന്നര വർഷം പി.എം യൂനുസിനും തുടർന്നുള്ള ഒരു വർഷം ടി.ജി ദിനൂപിനും നൽകാനായിരുന്നു ലീഗ് തീരുമാനം. എന്നാൽ, ധാരണ പ്രകാരമുള്ള രണ്ടര വർഷം കഴിഞ്ഞിട്ടും നിലവിലെ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ഇബ്രാഹിംകുട്ടി സന്നദ്ധനായില്ല. ഇതോടെയാണ് ജില്ലാ നേതൃത്വം ഇടപെട്ടത്.

Summary: The motion of no confidence brought by the opposition against AA Ibrahimkutty, the vice-chairman of Thrikkakara Municipality, was passed. The resolution presented by the LDF was passed with the support of the Muslim League

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News