'കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു സിനിമയും പുരസ്കാരങ്ങൾക്ക് അർഹമല്ല' സിനിമ കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ

സംഘടനകളിൽ നേതൃതല മത്സരങ്ങൾ ഉണ്ടാവുമ്പോൾ ഈഗോ മാറ്റിവെച്ച് പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു

Update: 2025-08-02 08:10 GMT

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിക്കുവേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പല ഭാഷകളിലെയും സിനിമകള്‍ അതിന്റെ ശൈശവദശയില്‍ പുരാണകഥകള്‍ പറഞ്ഞപ്പോള്‍ മലയാള സിനിമ ആദ്യ സിനിമയായ 'വിഗതകുമാരനി'ലും ആദ്യ ശബ്ദസിനിമയായ 'ബാലനി'ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. പുരാണകഥകള്‍ പറഞ്ഞ് കാണിയെ സ്വപ്നസ്വര്‍ഗങ്ങളിലേക്ക് നയിക്കാനുതകുന്ന മാധ്യമം ആയിരുന്നിട്ടും മലയാളസിനിമ തുടക്കം മുതല്‍ മണ്ണിലുറച്ചുനിന്നു. സ്വാധീനശക്തി കൂടിയ ബഹുജനമാധ്യമം എന്ന നിലക്ക് ഒരു പ്രബുദ്ധകേരളം പടുത്തുയര്‍ത്തുന്നതില്‍ സിനിമക്ക് നിര്‍ണായകമായ പങ്കു വഹിക്കാനുണ്ടായിരുന്നുവെന്നും തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിൽ  പിണറായി വിജയൻ പറഞ്ഞു.

Advertising
Advertising

മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓര്‍ക്കുന്ന വേളയില്‍ ഈ മഹത്വത്തെ ഇടിച്ചു തകര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രോപഗണ്ട പടമായ 'കേരളം സ്റ്റോറി'ക്ക് അവാർഡ് നൽകിയതിനെ പിണറായി വിജയൻ വിമർശിച്ചു. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും ഏതെങ്കിലും തരത്തില്‍ കലക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ല. മറിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. പിണറായി വിജയൻ പറഞ്ഞു.

'ദേശീയ അവാര്‍ഡിന് അര്‍ഹമായ ഈ ചിത്രം വ്യാജ നിര്‍മിതികള്‍ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പര്‍ദ്ധ വളര്‍ത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം.' പിണറായി വിജയൻ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ശ്രേഷ്ഠരായ ചില കലാകാരന്മാരും കലാകാരികളും ദേശീയ അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രംഗത്തെ സംഘടനകളെ കുറിച്ചും തന്റെ പ്രഭാഷണത്തിൽ പിണറായി വിജയൻ സൂചിപ്പിച്ചു. സംഘടനകളിൽ നേതൃതല മത്സരങ്ങൾ ഉണ്ടാവുമ്പോൾ ഈഗോ മാറ്റിവെച്ച് പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച്  പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News