പി.പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല; പൊലീസ് റിപ്പോർട്ട് വന്ന ശേഷം തീരുമാനം

നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു.

Update: 2024-10-19 13:15 GMT

തിരുവനന്തപുരം: കണ്ണൂരിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു. ഔദ്യോഗിക പദവിയിൽ ചില വീഴ്ചകൾ വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇനി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി വന്നശേഷം തുടർനടപടികൾ തീരുമാനിക്കും. ‌

സംഘടനാ സംവിധാനത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലാണ് അതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുക. ദിവ്യക്കെതിരെ ഇനി നടപടിയുണ്ടാവില്ല എന്ന് സിപിഎം പറയുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് പരിശോധനയിൽ ദിവ്യക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ആത്മഹത്യാപ്രേരണാക്കുറ്റം വസ്തുതാപരമാണെന്ന് വ്യക്തമാവുകയും ചെയ്താൽ സംഘടനാനടപടിയിലേക്ക് പോവാം എന്നാണ് പാർട്ടി കരുതുന്നത്.‌

Advertising
Advertising

അതേസമയം, സമ്മേളന കാലയളവിൽ സംഘടനാ നടപടികൾ പാടില്ല എന്നാണ് ചട്ടക്കൂടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ആ നിയന്ത്രണം മറികടന്ന് പാർട്ടി നടപടിയെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞദിവസമാണ്, എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാർട്ടി നീക്കിയത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതായിരുന്നു തീരുമാനം. ദിവ്യയോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി.

നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വൻ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറുകയും ചെയ്തിരുന്നു. പാർട്ടിയിലെ ഒരു വിഭാഗവും പത്തനംതിട്ട ജില്ലാ നേതൃത്വവും അമർഷം പരസ്യമാക്കുകയും ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കണമന്ന് പത്തനംതിട്ട ജില്ലാ സിപിഎം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധം ശക്തമായതോടെയാണ് ഒടുവിൽ സിപിഎം നേതൃത്വം പി.പി ദിവ്യയെ കൈവിട്ടത്.

നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യക്കെതിരെ കേസെടുത്ത പൊലീസ് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News