Writer - അൻഫസ് കൊണ്ടോട്ടി
anfas123
ജി. സുധാകരൻ Photo: MediaOne
ആലപ്പുഴ: ജി.സുധാകരന്റെ വിമർശനങ്ങളെ അവഗണിക്കാൻ ഒരുങ്ങി സിപിഎം. സുധാകരന്റെ വിമർശനങ്ങളെ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ചർച്ചചെയ്ത് വിഷയം അനാവശ്യമായി വഷളാക്കേണ്ടതില്ലെന്നും സിപിഎം നേതൃത്വം തീരുമാനിച്ചു.
മുതിർന്ന നേതാക്കന്മാരിൽ പെട്ട ബ്രാഞ്ച് അംഗമാണെങ്കിലും സുധാകരന്റെ പരാമർശനങ്ങളെ ഗൗരവത്തിലെടുത്ത് അനാവശ്യമായ വിവാദങ്ങൾക്ക് വെടിമരുന്ന് ഇട്ടുനൽകേണ്ടതില്ലെന്നതാണ് മുതിർന്ന നേതാക്കളുടെ നിലപാട്. സുധാകരനെ ഉപയോഗപ്പെടുത്തി ചില മാധ്യമസ്ഥാപനങ്ങൾ ഉദ്ദേശിക്കുന്ന അജണ്ടകൾക്ക് പിന്നിൽ ഓടാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് ചില നേതാക്കൾ പ്രതികരിച്ചു. നിലവിൽ പാർട്ടിയുടെ ഏറ്റവും അടിത്തട്ടിലുള്ള ബ്രാഞ്ച് അംഗമായ സുധാകരനെ ഇനിയും തരംതാഴ്ത്തുന്നതിലൂടെ ആലപ്പുഴയിൽ വിഭാഗീയത കൂടുതൽ രൂക്ഷമാകുമെന്നാണ് പാർട്ടിയുടെ നിരീക്ഷണം.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലായി തന്റേതായ അഭിപ്രായം തുറന്നുപറഞ്ഞുകൊണ്ട് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ് ജി.സുധാകരൻ. പാർട്ടിയിലെ പൊളിറ്റിക്കൽ ക്രിമിനലുകൾക്കും ലഹരി മാഫിയക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.