ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് ഒരു മരണം

തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്.

Update: 2023-11-06 03:08 GMT
Advertising

ഇടുക്കി: ഇടുക്കി ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾപൊട്ടി. പൂപ്പാറയിലും കുമളി മൂന്നാർ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി കൃഷിയിടങ്ങളും നശിച്ചു.

മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാത്രിയിൽ പ്രദേശവാസിയായ മിനിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്. വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകിട്ട് മുതലുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതി ബന്ധമടക്കം താറുമാറായി. 

കനത്ത കാറ്റിലും മഴയിലും എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. കനത്ത മഴയിൽ കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരത്തിൽ വെള്ളം കയറി 25 ഏക്കർ പാടത്തെ നെല്ല് കൃഷി നശിച്ചു. രണ്ട് ദിവസമായി തകർത്ത് പെയ്ത മഴയിലാണ് ജില്ലയുടെ മലയോര മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായത്. കോതമംഗലം കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. നട്ട് ഒരു മാസമാകാറായ ഞാറുകളാണ് മഴക്കെടുതിയിൽ നശിച്ചത്.

ദീർഘക്കാലമായി തരിശുകിടന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കാനായി വലിയ തുകയാണ് കർഷകർ മുടക്കിയത്. മഴയത്ത് സമീപത്തെ തോട് നിറഞ്ഞൊഴുകുന്നതാണ് പാടം വെള്ളത്തിനടിയിലാകാൻ കാരണം. കൃഷിയുടെ ആരംഭത്തിൽ തന്നെ അമിത ചെലവുകൾ വഹിക്കേണ്ടി വന്ന നെല്ല് കർഷകർക്ക് പാടം വെള്ളത്തിലായത് ഇരട്ടി പ്രഹരമായി. സർക്കാറിൽ നിന്ന് തക്കതായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

അതേസമയം, കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം പാലക്കാട്‌ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News