67 കി.മി പിന്നിട്ടത് 11 മണിക്കൂറിൽ, തിരുനക്കരയിലേക്കുള്ളത് 150 കി.മി; ജനസാഗരമായി ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര

ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ എത്തിയതോടെ വളരെ പതുക്കെയാണ് വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്

Update: 2023-07-19 14:30 GMT

കൊല്ലം: വഴിയോരത്ത്‌ ജനങ്ങൾ തിങ്ങിനിറഞ്ഞതോടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര 67 കിലോമീറ്റർ പിന്നിടാനെടുത്തത്‌ 11 മണിക്കൂർ. തിരുവനന്തപുരത്ത് നിന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്ര ജില്ല പിന്നിടാൻ മാത്രം എട്ട് മണിക്കൂറിലേറെ സമയമെടുത്തിരുന്നു. അതേസമയം കോട്ടയം തിരുനക്കര മൈതാനിയിലെത്താൻ 150 കിലോമീറ്ററുണ്ട്, അടുത്ത പൊതുദർശനം മൈതാനിയിലാണ് നടക്കുക. വൈകുന്നേരമായതിനാൽ റോഡുകളിൽ തിരക്കും കൂടും. അതിനാൽ തിരുനക്കരയിൽ വിലാപയാത്ര എത്താൻ അർധരാത്രിയായേക്കും.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ മൃതദേഹം നാളെയാണ് സംസ്‌കരിക്കുക. പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിക്കാണ് സംസ്‌കാരം. സംസ്‌കാര ശുശ്രൂഷയ്ക്ക് ഓർത്തഡോക്‌സ് അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കും.

Advertising
Advertising

കൊല്ലം നിവാസികളും ഉമ്മൻചാണ്ടിക്ക് യാത്രാമൊഴിയേകുകയാണ്. എംസിറോഡിലൂടെ മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് സാക്ഷികളാകാനും പ്രിയനേതാവിനെ അവസാനമായി കാണാനും പതിനായിരങ്ങളാണ് പാതയോരത്ത് കാത്തുനിന്നത്.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 3.22 ഓടെയാണ് ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കടന്നത്. വഴിനീളെ പ്രതീക്ഷിച്ചതിലുമേറെ ജനങ്ങൾ പ്രിയനേതാവിനെ കാത്തുനിന്നു. അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. നിലമേൽ, ചടയമംഗലം, ആയൂർ, വാളകം എന്നിവിടങ്ങളിലൊക്കെ വലിയ ജനക്കൂട്ടമാണുണ്ടായിരുന്നത്.

വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്. മകൻ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നുപോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.

Full View

Oommen Chandy's mourning journey is crowded

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News